CMDRF

വോട്ടെടുപ്പിനിടെ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു

വോട്ടെടുപ്പിനിടെ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു
വോട്ടെടുപ്പിനിടെ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു

കൊൽക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം. വോട്ടിങ് യന്ത്രങ്ങൾ നശിപ്പിച്ചതായി പരാതി. വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരുസംഘം അക്രമികളാണ് യന്ത്രങ്ങൾ നശിപ്പിച്ച് കുളത്തിൽ എറിഞ്ഞതെന്നാണ് പുറത്തുവരുന്നവിവരം. എന്നാൽ, ഇതുമൂലം വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്‌നഗർ ലോക്‌സഭാ മണ്ഡലത്തിലെ കുൽതയ് എന്ന പ്രദേശത്തെ 40, 41 നമ്പർ ബൂത്തുകളിലാണ് പ്രശ്‌നമുണ്ടായത്. വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ബഹളമുണ്ടാക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പിന്നാലെ അക്രമികൾ ബൂത്തുകളിലുണ്ടായിരുന്ന വിവിപാറ്റുകളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും സമീപത്തുണ്ടായിരുന്ന കുളത്തിൽ എറിയുകയായിരുന്നു.

എന്നാൽ, ബൂത്തുകളിൽ വോട്ടിങ്ങിന് ഉപയോഗിച്ചിരുന്ന യന്ത്രങ്ങളല്ല അക്രമികൾ കുളത്തിൽ എറിഞ്ഞതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഔദ്യോഗിക വിശദീകരണം. ബൂത്തിൽ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തിൽ എറിയപ്പെട്ടത്. അതുകൊണ്ടുതന്നെ ഈ രണ്ട് ബൂത്തുകളിലും വോട്ടിങ് നടക്കുന്നതിന് നിലവിൽ പ്രശ്‌നങ്ങളില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്ങാണ് പശ്ചിമബംഗാളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Top