ടെൽ അവീവ്: ഹിസ്ബുള്ളയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തെക്കൻ ലെബനനിലെ ഗ്രൗണ്ട് ഓപ്പറേഷൻ കൂടുതൽ വ്യാപിപ്പിക്കുന്നതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വൻ തിരിച്ചടിയുണ്ടായത്. അതിർത്തിയിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഗോലാനി ബ്രിഗേഡിന്റെ 51-ാം ബറ്റാലിയനിലെ അംഗങ്ങളായ 19, 20, 21, 22 വയസ്സ് പ്രായമുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.
Also Read : വ്യോമാക്രമണം തടയാൻ ടെഹ്റാൻ നഗരത്തിൽ ‘പ്രതിരോധ തുരങ്കം’
ഐ.ഡി.എഫ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, തെക്കൻ ലെബനനിലെ ഒരു ഗ്രാമത്തിലെ കെട്ടിടത്തിനകത്ത് നാല് ഹിസ്ബുള്ള അംഗങ്ങളുമായി ഉണ്ടായ വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. പ്രദേശത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 20ലേറെ പേർ ആണ്.