ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസിന്‍റെ മുന്നേറ്റം. ജമ്മുകശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ ബിജെപിയും കോൺഗ്രസ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിൽ 46 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബി.ജെ.പി 20 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 30 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 25 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. അതേസമയം, ജെജെപി സീറ്റുകളിലൊന്നും മുന്നിട്ടുനിൽക്കുന്നില്ല.
90 സീറ്റുള്ള ഹരിയാനയിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ നഗരമണ്ഡലങ്ങളിൽ പോളിങ് കുത്തനെ താഴ്ന്നതും ബി.ജെ.പി വിരുദ്ധ മണ്ഡലങ്ങളിൽ ശക്തമായ പോളിങ് നടന്നതും 65 വരെ സീറ്റെന്ന നേട്ടത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചേക്കാമെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Also Read: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സച്ചിൻ പൈലറ്റ്
ജമ്മു- കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. കശ്മീരിൽ നാഷ്ണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 31, ബിജെപി 25, പിഡിപി-04, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകൾ. തുടക്കത്തിൽ കോൺഗ്രസ് മുന്നിട്ടുനിന്നെങ്കിലും ഇപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്.