ന്യൂഡൽഹി: സർജിക്കൽ സ്ട്രൈക്കിനെ സംശയിച്ചും ഇന്ത്യൻ സൈന്യത്തെ വിമർശിച്ചും കോൺഗ്രസും രാഹുൽ ഗാന്ധിയും പാക്കിസ്ഥാനൊപ്പമാണെന്ന് നിരന്തരമായി തെളിയിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ജമ്മുകശ്മീരിൽ ആർട്ടിക്കൾ 370 വീണ്ടും കൊണ്ടു വരുന്നത് സംബന്ധിച്ച് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും ദേശവിരുദ്ധ ശക്തികളോടൊപ്പമാണ് ഇവരുടെ കൂട്ടുകെട്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോൺഗ്രസും പാക്കിസ്ഥാനും മറന്നു പോയെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസും-നാഷണൽ കോൺഫറൻസും തമ്മിലുളള സഖ്യം അധികാരത്തിലെത്തിയാൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പാക്കിസ്ഥാൻ പ്രതിരോധമന്ത്രിയുടെ പരാമർശം.