സുരക്ഷിതമല്ലാത്ത പാലക്കാട് മണ്ഡലത്തിൽ നിന്നും ഷാഫി പറമ്പിലിനെ രാജിവെയ്പ്പിച്ച് വടകരയിൽ മത്സരിപ്പിച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത് എന്തിനു വേണ്ടിയാണ് എന്നതിന് കോൺഗ്രസ്സ് നേതൃത്വം മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുൻ എം.എൽ.എയുമായ ടി.വി രാജേഷ് ആവശ്യപ്പെട്ടു.
എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രതികരണത്തിൽ നിന്ന് …
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് പാലക്കാട്. രാഷ്ട്രീയപരമായി ഏറ്റവും വലിയ പോരാട്ടം നടക്കുകയാണിവിടെ. ഇവിടെ ഇടതുപക്ഷത്തിന്റെ വിജയസാധ്യത എത്രത്തോളമാണ്?
പാലക്കാട് ഇടതുപക്ഷത്തിന് നല്ലൊരു മുന്നേറ്റം ഉണ്ടാകും. അതിനുള്ള എല്ലാ സാധ്യതകളും ഈ തെരഞ്ഞെടുപ്പിൽ ഇവിടെ രൂപപ്പെട്ട് വന്നിട്ടുണ്ട്. അതിന്റെ കാരണം, ഒന്ന് കേരളത്തിലെ സർക്കാരിന്റെ ജനക്ഷേമകരമായ വികസന നയങ്ങളാണ്. ഇപ്പോ നമുക്കറിയാം പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് റോഡ് അത് ദീർഘകാലത്തെ ഒരാവശ്യമായിരുന്നു. ആ ആവശ്യം യഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിച്ചത് പിണറായി സർക്കാരാണ്. എറണാകുളം-കോയമ്പത്തൂർ വ്യവസായിക ഇടനാഴി ഇൻഡസ്ട്രിയൽ കോറിഡോർ, ആ പദ്ധതി കേരളത്തിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതാണ്. ഇപ്പോൾ കഞ്ചിക്കോട് വലിയൊരു വ്യവസായ പാർക്ക് വരാൻ വേണ്ടി പോകുന്നു. കേരളത്തിലെ സമീപകാലത്തെ ഏറ്റവും കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഒരു ബൃഹത്തായ പ്രൊജക്ടാണിത്. ഈ നിലയിൽ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എൽഡിഎഫിന് ജനങ്ങളുടെ അനുഭവസാക്ഷ്യമായി ഉയർത്തി കാണിക്കാവുന്ന പദ്ധതിയാണ്.
Also Read: ട്രോളി വിവാദം ഉണ്ടാക്കിയവർക്ക് തന്നെ തിരിച്ചടിയാകും, രാഷ്ട്രീയ മാറ്റം കൊണ്ടുവരും : പി.വി അൻവർ
അതോടൊപ്പം ഇവിടുത്തെ മുനിസിപ്പാലിറ്റി ബിജെപിയുടേതാണ്. എംഎൽഎ കഴിഞ്ഞ പതിമൂന്നര വർഷമായിട്ട് യുഡിഎഫാണ്. ഈ മണ്ഡലത്തിന്റെ വികസനമില്ലായ്മ ഇപ്പോ കേരളത്തിൽ പത്തെഴുപതിനായിരത്തിലധികം കോടി രൂപ ചെലവഴിച്ചു കൊണ്ടാണ് അടിസ്ഥാന സൗകര്യവികസനത്തിൽ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടായത്. പക്ഷേ ആ ഒരു വികസനപന്ഥാവിൽ നിന്ന് മുഖം തിരിഞ്ഞുനിൽക്കുന്ന ഒരു മണ്ഡലമായി എന്തുകൊണ്ട് പാലക്കാട് മാറി? കേരളത്തിൽ മറ്റുമണ്ഡലങ്ങളിൽ നടന്നതുപോലുള്ള വികസനപ്രവർത്തനങ്ങൾ എന്തുകൊണ്ട് പാലക്കാട് നടന്നില്ല? ഇതാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും ഉയർന്നുവരുന്ന മറ്റൊരു പ്രസക്തമായ ഒരു കാര്യം. ഇവിടെ സംബന്ധിച്ചിടത്തോളം നിരവധി പ്രശ്നങ്ങൾ ഈ പാലക്കാട് നഗരം നേരിടുകയാണ്. ഒരുപക്ഷെ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റികളിലൊന്നാണ് പാലക്കാട്.
പാലക്കാട് ഇപ്പൊഴും നമുക്കറിയാം ട്രാഫിക്ക് കുരുക്ക്, പാലക്കാടിന്റെ ഒരു പ്രധാന പ്രശ്നമാണ്. 96ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിലാണ് കൽമണ്ഡപവും അതുപോലെ തന്നെ കൽപ്പാത്തി ബൈപ്പാസ് റോഡും ഉണ്ടാക്കിയത്. ആ ബൈപ്പാസ് റോഡ് പാലക്കാടിന്റെ വികസന ചരിത്രത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. എന്നാൽ അതിനുശേഷം അതുപോലുള്ള പദ്ധതികൾ കൊണ്ടുവരുന്നതിന് കഴിഞ്ഞ 13 വർഷക്കാലം ഇവിടുത്തെ യുഡിഎഫ് എംഎൽഎ ഒരുമുൻകൈയും എടുത്തിട്ടില്ല. അപ്പൊ ഒന്ന് സ്റ്റേഡിയം പാതിവഴിയിൽ നിൽക്കുന്നു. അതുപോലെ തന്നെ ഇവിടെ തൊട്ടടുത്താണെങ്കിൽ ഒരു സ്ലോട്ടിംഗ് ഹൗസ് കിഫ്ബിയിൽ നിന്ന് 13 കോടി രൂപ അനുവദിച്ചതാണ്. അതിന് സ്ഥലം കണ്ടെത്തി, പക്ഷേ വർഷങ്ങളായി ആ ഫണ്ട് വിനിയോഗിക്കാൻ പറ്റുന്നില്ല.
Also Read: കെ. രാധാകൃഷ്ണനെ കുറ്റം പറയുന്ന രമ്യ ഹരിദാസ് എന്ത് വികസനമാണ് ചെയ്തത് ? തുറന്നടിച്ച് എൻ.കെ സുധീർ
പ്രത്യേകിച്ച് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണ്, ഈ പുൽപ്പള്ളി തെരുവ് മേഖലയെന്ന് പറയുന്നത്. അപ്പൊ ബോർഡിങ് സ്ലോട്ടിംഗ് ഹൗസിന് വേണ്ടി ഫണ്ട് അനുവദിച്ചു. പക്ഷേ മുനിസിപ്പാലിറ്റിയുമായി ഒരു തർക്കം നിലനിൽക്കുന്നു. ഇവിടുത്തെ എംഎൽഎ അതിലിടപെടണ്ടേ? മുനിസിപ്പാലിറ്റിയുടെ ഭാഗത്താണ് പ്രശ്നമെങ്കിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ വിളിച്ച് മുനിസിപ്പൽ ഭാരവാഹികളെ വിളിച്ച് ഒരു യോഗം നടത്തി അതിന്റെ കുരുക്കഴിക്കണ്ടേ. അതിന്എന്ത് നിലപാടാണ് എംഎൽഎ സ്വീകരിച്ചിട്ടുള്ളത്. അതിന് എന്ത് മറുപടിയാണ് അദ്ദേഹത്തിന് ജനങ്ങളുടെ മുന്നിൽ അദ്ദേഹത്തിന് വിശദീകരിക്കാനുള്ളത്. പാലക്കാട് ടൗൺ ഹാൾ പാതിവഴിയിൽ നിൽക്കുകയാണ്. നിങ്ങൾക്കറിയാലോ? നിങ്ങൾ പോയി കണ്ടാൽ മനസിലാക്കാൻ കഴിയും. അതിൽ എംഎൽഎ ഫണ്ടുണ്ട്. തന്റെ ഫണ്ട് വിനിയോഗിച്ചുകൊണ്ടുള്ള ഒരു പദ്ധതി എന്തുകൊണ്ട് പാതിവഴിയിലായി? എന്താണതിന്റെ തടസ്സം? ശരിക്ക് മനസ്സ് വെച്ചാൽ കുരുക്കഴിക്കാനാകാത്ത, പരിഹരിക്കാനാകാത്ത എന്തെങ്കിലും വിഷയമുണ്ടോ.
അവിടെ ടൗൺ ഹാൾ പാതിവഴിയിൽ നിൽക്കുന്നു. ഇങ്ങനെ പാലക്കാടിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ അന്ത്യന്താപേക്ഷിതമായ നിരവധി പദ്ധതികൾ ഒന്നുകിൽ പാതിവഴിയിലാണ്. ഇല്ലെങ്കിൽ തടസപ്പെട്ടു നിൽക്കുന്നു. ഇത്തരമൊരു സാഹചര്യം ഇവിടെയുണ്ട്. ഇവിടെ വികസനം ഇല്ല. ജനങ്ങളുടെ മുന്നിൽ കളിച്ച് ചിരിച്ച് നടന്നതുകൊണ്ടു മാത്രം കാര്യമില്ല. ജനങ്ങൾക്കു വേണ്ടി മണ്ഡലത്തിന് വേണ്ടി ആത്മാർത്ഥമായി പദ്ധതികൾ മുന്നോട്ട് വെക്കുകയും നടപ്പിലാക്കുകയും ചെയ്യണം. ഒരു എംഎൽഎയെ വിലയിരുത്തുന്നത് അങ്ങനെയൊക്കെയാണ്. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും പുറകിൽ നിൽക്കുന്ന ഒരു മണ്ഡലമാണ് ഈ മണ്ഡലമെന്നു പറയുന്നത്. മുനിസിപാലിറ്റിയുടെ പേരുപറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് തലയൂരാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊരു എംഎൽഎയുടെ പ്രാപ്തിയില്ലായ്മയാണ്. നമുക്കറിയാം കേരള സർക്കാരിനെതിരെ സംസാരിക്കുന്നതിന്റെ പത്തിലൊന്ന് ശക്തിയിൽ ഈ മുൻസിപാലിറ്റിയെ വിമർശിക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ടോ? ഞങ്ങളൊക്കെ ഇലക്ഷൻ പ്രവർത്തനത്തിന് വന്നവരാണ്.
Also Read: ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍
ജനങ്ങളുടെ ഫീഡ്ബാക്ക് എടുത്തപ്പോൾ അവർ പറയുന്ന ഒരു കാര്യം മുൻസിപാലിറ്റിയും എംഎൽഎയും മച്ചാൻ മച്ചാൻ കളി നടക്കുകയാണ്. കാരണം മുനിസിപാലിറ്റിയാണ് ടൗൺഹാളിന്റെ പ്രവർത്തനം തടസ്സപെടുത്താൻ കാരണമെങ്കിൽ അതുപോലെ ആധുനിക അറവുശാലയുടെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നത് മുൻസിപാലിറ്റിയാണെങ്കിൽ ജനങ്ങളെ അണിനിരത്തി മുൻസിപാലിറ്റിക്ക് മുന്നിൽ ഒരു പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടോ? എംഎൽഎ ഈ വിഷയത്തിൽ എപ്പോഴെങ്കിലും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടോ. ഇതൊക്കെ തന്നെ ജനങ്ങളുടെ ഉള്ളിൽ അമർന്ന് കത്തുകയാണ്. ഇതൊക്കെ ഈ തെരഞ്ഞെടുപ്പിൽ തീർച്ചയായും ആളിക്കത്തും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം ബിജെപി രണ്ടാം സ്ഥാനത്തു വന്ന ഒരു മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ.
ഇവിടുത്തെ യുഡിഎഫ് എംഎൽഎ ആദ്യം ജയിച്ചത് വലിയ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 2014 ൽ ജയിച്ചത് അഞ്ചക്ക ഭൂരിപക്ഷത്തിനാണ്. എന്നാൽ 2021ൽ അദ്ദേഹം കയ്ച്ചലായത് ചെറിയ വോട്ടിന്റെ പിൻബലത്തിലാണ്. അപ്പോ പാലക്കാട് പോലെയുള്ള സുരക്ഷിതമല്ലാത്ത ഒരു മണ്ഡലത്തിലെ എംഎൽഎയെ എന്തിനു വേണ്ടി വടകരയിൽ കൊണ്ടുപോയി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. അവിടെ കെ മുരളീധരൻ ഉണ്ട്. കോൺഗ്രസിന്റെ മുൻ കെപിസിസി പ്രസിഡന്റാണ്. തലമുതിർന്ന നേതാവാണ്. അപ്പോ കേരളത്തിലെ പയറ്റിത്തെളിഞ്ഞ നേതാവല്ലേ മുരളീധരൻ. ആ മുരളീധരനെ വടകരയിൽ നിന്ന് തുരത്തി, ഈ സുരക്ഷിതമല്ലാത്ത പാലക്കാട് മണ്ഡലത്തിലെ എംഎൽഎയെ എന്തിന് വടകരയിൽ കൊണ്ടുപോയി നിർത്തി?
Also Read: ഇന്ത്യ റഷ്യ സൗഹൃദത്തില്‍ കുറഞ്ഞത് ആഗോള ഇന്ധനവില
അവിടെ നിരവധി നേതാക്കൻമാരില്ലേ? വടകരയിൽ കോൺഗ്രസിന് മത്സരിപ്പിക്കാൻ ആളുകൾക്ക് പഞ്ഞമുണ്ടോ? മുരളീധരൻ തന്നെ മത്സരിക്കുമായിരുന്നല്ലോ? അദ്ദേഹം അതിന് തയ്യാറായിരുന്നില്ലേ? പിന്നെ എത്ര നേതാക്കൻമാരുണ്ട്. അപ്പോൾ എന്താണ് ഇതിന് പിന്നിലുണ്ടായിരുന്ന കാരണം. ഇതിന്റെ പിന്നിലൊരു ഡീലുണ്ട്. ആ ഡീൽ എന്താണുള്ളത് എന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ കൊടകര കള്ളപ്പണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ വന്നില്ലേ.
ബിജെപിയുടെ ഓഫീസ് സെക്രട്ടറി ധർമ്മരാജൻ വിശദാംശങ്ങൾ വന്നുകഴിഞ്ഞല്ലോ. 4 കോടി രൂപ പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ എംപിക്ക് കൈമാറി എന്ന വാർത്ത വന്നില്ലേ? ഞാൻ ചോദിക്കട്ടെ അദ്ദേഹം പ്രതികരിച്ചോ?. എനിക്കെതിരെ ഒരാൾ ഒരു ആരോപണം ഉന്നയിച്ചാൽ എന്റെ കൈകൾ ശുദ്ധമാണെങ്കിൽ ഞാൻ അതിനെതിരെ നിയമനടപടികൾ സ്വീകരിക്കണ്ടേ. എന്തെ ഡിഫാമേഷൻ കൊടുക്കാത്തത് അദ്ദേഹം. അപ്പോൾ ഇതിനൊക്കെ പിന്നിൽ ഒട്ടേറെ കാര്യങ്ങൾ ഡെൻമാർക്കിലെന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് പറഞ്ഞതുപോലെ ഇതിന്റെയൊക്കെ പിന്നിൽ പലതും ഉണ്ട്. അതൊക്കെ ജനങ്ങൾക്ക് ഇടയിൽ ഇപ്പോൾ നല്ല ബോധ്യമാണ്. കഴിഞ്ഞ ദിവസം ഒരു നാടകം നമ്മൾ കണ്ടില്ലേ. ഒരു കളവ് പറഞ്ഞു. ആ കളവ് അതിൽ പിടിച്ചുനിൽക്കാൻ വീണ്ടും വീണ്ടും കളവ് പറയുകയാണ്. ഇവിടുത്തെ യുഡിഎഫ് എംഎൽഎ ഒരോ ദിവസവും അപഹാസ്യനായി കൊണ്ടിരിക്കുകയല്ലേ ചെയ്യുന്നത്. എന്തൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞു യോഗം നടക്കുമ്പോൾ എന്റെ ഡ്രസ് ഒരാൾ കൊണ്ടുവരികയാണ് ചെയ്തതെന്ന്.
യോഗത്തിൽ വെച്ചിട്ടാണോ സാധാരണ നാളെ എന്ത് ഡ്രസ് ധരിക്കണമെന്ന് തീരുമാനിക്കുന്നത്. അതിന് കെപിസിസി നേതാക്കളെ യോഗത്തിലേയ്ക്ക് വിളിച്ചുവരുത്തണോ. പാലക്കാട് എംപി ശ്രീകണ്ഠനെ യോഗത്തിലേക്ക് വിളിച്ചു വരുത്തണോ മറ്റ് നേതാക്കൻമാരെ വിളിച്ചുവരുത്തണോ? അവരെ കാണിച്ചിട്ടാണോ ഓരോ ദിവസത്തെയും ഡ്രസ് സെലക്ട് ചെയ്യേണ്ടത്. ഇതൊക്കെ എത്ര അപഹാസ്യമായ കാര്യമാണെന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. എന്നിട്ട് അദ്ദേഹം പറയുന്നു. ഏത് ഞാൻ കോഴിക്കോടേക്ക് പോകുമ്പോൾ എനിക്ക് ഡ്രസ് വേണം അതിനു വേണ്ടിയിട്ടാണെന്ന്. എന്നാൽ അദ്ദേഹത്തിന്റെ വണ്ടിയിലല്ല ആ ട്രോളി വെയ്ക്കുന്നത്. അത് വേറെ ഒരു വണ്ടിയിൽ വെയ്ക്കുന്നു. ഇദ്ദേഹം കയറുന്നത് ഏതിലാ, ഷാഫി പറമ്പിലിന്റെ വണ്ടിയിൽ കയറുന്നു. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. സത്യത്തിൽ ഓരോ ദിവസം കഴിയുന്തോറും യുഡിഎഫിന്റെ മുഖം ഇവിടെ വികൃതമായിക്കൊണ്ടിരിക്കുകയാണ്.
ട്രോളി ബാഗ് വിവാദത്തിൽ കോൺഗ്രസ് പറയുന്നത് സിപിഎമ്മിന് ഒരു ആശയക്കുഴപ്പം ഉണ്ട് എന്നാണ്, എന്താണ് മറുപടി?
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരിമിതി വൻ തോതിലുള്ള പണമിറക്കലാണ്. അത് ഞങ്ങളുടെ പാർട്ടി പരിപാടിയിൽ വിശദമാക്കുന്ന കാര്യമാണ്. നേരത്തെ ഉത്തരേന്ത്യയിലാണ് കോൺഗ്രസ് പണം കൊടുത്ത് ആളുകളെ വിലക്ക് വാങ്ങിയതെങ്കിൽ കേരളത്തിലും അത് പരീക്ഷിക്കാൻ അവർ ശ്രമിക്കുകയാണ്. ബിജെപിയും അത്തരം പരീക്ഷണം ആരംഭിച്ചു, അതാണ് കൊടകര കേസ്. പാലക്കാട് നമ്മൾ കണ്ടത് പണം കൊടുത്ത് ചിലരെ വിലക്ക് വാങ്ങാൻ അവർ തീരുമാനിച്ചിരിക്കുന്നു. പക്ഷെ ഇത് കേരളമാണെന്ന് അവർ മനസിലാക്കണം.
നമുക്ക് പണം കൊടുത്ത് പലതും വാങ്ങാൻ പറ്റും, ഇല്ലേ? ക്ലോക്ക് വാങ്ങാൻ പറ്റും നമുക്ക്, വേണെങ്കിൽ നമുക്കൊരു ബെഡ് വാങ്ങാം, ഒരു ഫാൻ വാങ്ങാം, പക്ഷെ മനുഷ്യരുടെ മനഃസാക്ഷിയൊന്നും വില കൊടുത്ത് വാങ്ങാൻ പറ്റില്ല. അതൊക്കെ ഈ തെരഞ്ഞെടുപ്പിൽ പാലക്കാട് പ്രബുദ്ധരായ ജനങ്ങൾ തെളിയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പണം, ഇവിടെ പണം വന്നിട്ടുണ്ട് എന്നത് സംശയാതീതമായ കാര്യമാണ്. അത് കൊണ്ടാണല്ലോ ഈ നാടകം, അസംബന്ധ നാടകങ്ങളുടെ പരമ്പരകളല്ലേ നമ്മളത് കണ്ടത് എന്തൊക്കെ മാറ്റി പറഞ്ഞു യുഡിഎഫിന്റെ ഇവിടുത്തെ സ്ഥാനാർഥി അപ്പോൾ ഇത് തിരഞ്ഞെടുപ്പിൽ ജനവിധിയെ അട്ടിമറിക്കാനൊരു നീക്കമാണ് പക്ഷെ ഇതെല്ലാം ശരിയായ വിധത്തിൽ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കാൻ ഇടതു പക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്.
Also Read: സ്വന്തം സൈനികരെ തടവിന് ശിക്ഷിച്ച് റഷ്യ, യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകൾ
കോൺഗ്രസ് പറയുന്നത് ബിജെപിയും സിപിഎമ്മും തമ്മിൽ ഒരു അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടെന്നുള്ളതാണ് എന്താണ് പറയാനുള്ളത്?
ഞാൻ പറഞ്ഞല്ലോ, സുരക്ഷിതമല്ലാത്ത ഈ പാലക്കാട് മണ്ഡലത്തിലെ എംഎൽഎയെ എന്തിനാണ് വടകരയിൽ മത്സരിപ്പിച്ചത്. അവിടെ മുരളീധരൻ പോരായിരുന്നോ, വേണമെങ്കിൽ സിദ്ദിഖ് ഉണ്ടായിരുന്നില്ലേ, എത്ര നേതാക്കന്മാരുണ്ടായിരുന്നു ഇതിനെന്താ മറുപടി, ഒന്നാമത്തെ കാര്യം, പിന്നെ കോൺഗ്രസ്സാണോ കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്, നേമത്തെ ബിജെപിയുടെ നേതാവായ രാജഗോപാൽ ജയിക്കാൻ കാരണം യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോയതാണ് നമ്മളെല്ലാവരും ചർച്ച ചെയ്ത കാര്യമല്ലേ? കഴിഞ്ഞ ഇലെക്ഷനിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു ഇത്തവണ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും, നേമത്ത് ബിജെപിയെ പരാജയപ്പെടുത്തിയത് എൽഡിഎഫാണ്, അവിടെ ശിവൻകുട്ടിയാണ് വിജയിച്ചത്, വട്ടിയൂർ കാവിൽ ബിജെപി ഭീഷണി ഉയർത്തിയിരുന്നു. ഒരു തവണ രണ്ടാം സ്ഥാനം ഉയർത്തിയിരുന്നു.
Also Read: ഇനി ഖത്തറിന്റെ നിലപാടെന്ത് ..? യുദ്ധത്തിൽ ട്രംപിന്റെ ഇടപെടൽ നിർണായകം
എന്നാൽ എല്ലാ ആശങ്കകളും ആസ്ഥാനത്ത് ആണെന്ന് തെളിയിച്ചുകൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കുതിച്ച് ഉയർന്നത് യഥാർഥത്തിൽ ഇടത് പക്ഷമാണ്. വി.കെ പ്രശാന്ത് അവിടെ ജയിച്ചില്ലേ എവിടെയാണ് ഇത്തരത്തിൽ ബിജെപിയുമായി കോൺഗ്രസ് അല്ലെങ്കിൽ യുഡിഎഫ് നേരിട്ട് ഏറ്റുമുട്ടി അവർ വിജയിച്ചിട്ടുള്ളത്. ഇപ്പോൾ തൃശൂരിന്റെ അനുഭവം നമുക്ക് ഉണ്ടല്ലോ, തൃശൂരിൽ എങ്ങനെ സുരേഷ് ഗോപി ജയിച്ചു, 86000 വോട്ട് യുഡിഎഫിന്. 75000 ൽ പരം വോട്ടിനു സുരേഷ്‌ഗോപി ജയിച്ചു. യുഡിഎഫിന്റെ വോട്ട് എങ്ങോട്ടേക്ക് പോയി, അങ്ങോട്ടേക്ക് പോയി, എൽഡിഎഫിന് വോട്ട് വർധിച്ചു, യുഡിഎഫിന് 86000 കുറഞ്ഞു. അപ്പോൾ വളരെ വ്യക്തമല്ലേ ഏതാണ് ഡീൽ എന്നുള്ളത് വളരെ വ്യക്തമല്ലേ അവര് തന്നെ കമ്മീഷണനെ വെച്ചില്ലേ, ടിഎൻ പ്രതാപന്റെ പങ്ക്, അവിടുത്തെ ഡിസിസി നേതൃത്വത്തിന്റെ പങ്ക്, കെ സി ജോസഫ് കമ്മീഷനില്ലേ എന്തെ പുറത്ത് വരാത്തത് ഏതാണ്ട് പത്രത്തിൽ വാർത്ത വന്നല്ലോ ഏറിയും കുറഞ്ഞും, അപ്പോൾ ഇത് വളരെ വ്യക്തമാണ് എന്ത് നിലപാടാണ് യുഡിഎഫിന് എതിരായി അല്ലെങ്കിൽ ബിജെപിക്ക് എതിരായി ഇവർ സ്വീകരിക്കുന്നത് ഞാൻ ചോദിക്കട്ടെ പിണറായി വിജയനെ വിമർശിക്കുന്നത് പോലെ മോദിയെ വിമർശിച്ചിട്ടുണ്ടോ, ആർഎസ്എസ്സിനെ വിമർശിച്ചിട്ടുണ്ടോ?
ഈ യുഡിഎഫ് സ്ഥാനാർഥി ആർഎസ്എസ്സിനെതിരെ നടത്തിയ ഒരു പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ പറ്റുമോ അവർക്ക്? ആർഎസ്എസ്സിനെ ശക്തമായി വിമർശിക്കുന്ന ഒരു പ്രസംഗം കേരളത്തിൽ ഇടതു പക്ഷ നേതാക്കൾ ചെയുന്നത്പോലെയൊരു പ്രസംഗം നടത്താൻ ധൈര്യം ഉണ്ടോ കോൺഗ്രസ്സിന്, നിങ്ങൾ നോക്ക്, എവിടെ നിങ്ങൾ ഒന്ന് ഗൂഗിൾ എടുത്ത് നോക്ക് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആർഎസ്എസ്സിനെതിരായ നിലപാട് എന്താണ് അല്ലെങ്കിൽ ഇവിടുത്ത മുൻ എംഎംഎൽഎയുടെ നിലപാടെന്താണ്. എന്തുകൊണ്ട് മുൻസിപ്പാലിറ്റിക്കെതിരെ മുൻ എംഎൽഎ നിലപാട് സ്വീകരിച്ചില്ല, അപ്പോൾ ഇതൊക്കെ കാണുമ്പോൾ ഈ അസംബന്ധ നാടകങ്ങൾ ഈ അഡ്ജസ്റ്റ്‌മെന്റ് നാണം കെട്ട ഈ ഡീലിങ്സ് ഏതൊക്കെ ഈ തവണത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചറിയും, ഇടതുപക്ഷത്തിന് പാലക്കാട് മണ്ഡലത്തിൽ നല്ലൊരു മുന്നേറ്റം ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്.
2021-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വോട്ടുകൾ കോൺഗ്രസിലേയ്ക്ക് ക്രോസ്സ് വോട്ടായി പോയെന്ന ആരോപണമുണ്ട്. ഇത്തവണ അങ്ങനെ സംഭവിക്കുമോ?
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പിലെ വോട്ട് നോക്കിക്കഴിഞ്ഞാൽ വലിയ കുറവൊന്നും നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല, എന്നാൽ കഴിഞ്ഞ തവണ 2021ൽ ഒരു ആന്റി ഗുമ്മെൻസി എംഎൽഎയ്ക്കെതിരായിട്ട് ഉണ്ടായിരുന്നു. അത് മറികടക്കാൻ സമർത്ഥമായിട്ട് അദ്ദേഹം അത്തരം ബിജെപി ജയിക്കാൻ പോകുന്നുവെന്ന പ്രചരണം അദ്ദേഹത്തിന്റെ കേന്ദ്രങ്ങൾ തന്നെ അഴിച്ചുവിട്ടു. അങ്ങനെ ന്യൂനപക്ഷങ്ങളുടെ കുറച്ച് വോട്ടുകൾ ബിജെപിയിലേയ്ക്ക് പോയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ എല്ലാ സമയത്തും പുലി വരുന്നേ പുലി വരുന്നേ എന്നു പറഞ്ഞ് രക്ഷപ്പെടാൻ വേണ്ടി പറ്റില്ല. ഇത്തവണ സരിൻ മികച്ച സ്ഥാനാർത്ഥിയാണ്. പാലക്കാട് മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളിൽ ഒരു ഹൈ പ്രൊഫൈലാണ് സരിന്റെ പ്രൊഫൈൽ എന്ന് പറയുന്നത്. അദ്ദേഹം ഡോക്ടറാണ് അദ്ദേഹം സിവിൽ സർവീസുകാരനാണ്. പിന്നെ മതനിരപേക്ഷ നിലപാടുണ്ട്. അദ്ദേഹം കോൺഗ്രസിലേയ്ക്ക് പോയത് കോൺഗ്രസിന്റെ പ്രത്യേകിച്ച് ഗാന്ധിയുടെ അത് പോലെത്തന്നെ നെഹ്റുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിട്ടാണ്.
അദ്ദേഹം ധരിച്ചത് ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങൾ പിന്തുടരുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് ധരിച്ചാണ്. കുറച്ചുകാലം അവിടെ നിന്നു. അപ്പോഴേയ്ക്കും കാര്യങ്ങൾ ബോധ്യമായി. ഗാന്ധിയിൽ നിന്നും നെഹ്‌റുവിൽ നിന്നും വളരെയേറെ അകന്നിരിക്കുന്നു. അതൊക്കെ കോൺഗ്രസ് എന്നേ കൈവിട്ടിരിക്കുന്നു എന്ന് ബോധ്യമായപ്പോൾ മതനിരപേക്ഷത സംരക്ഷിക്കാൻ മതനിരപേക്ഷ കേരളത്തെ നിലനിർത്താൻ കഴിയണമെങ്കിൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇടതുപക്ഷത്തിനാണ് കഴിയുക എന്ന തിരിച്ചറിവിൽ നിന്നാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് അദ്ദേഹം എൽഡിഎഫിലേയ്ക്ക് കടന്നുവന്നിട്ടുള്ളത്. അത് തീർച്ചയായും ഞങ്ങൾ സ്വാഗതം ചെയ്തു. നിലപാടാണ് പ്രശ്നം. താൻ സ്വീകരിച്ച ഒരു നിലപാട് ആ നിലപാടിലെ പോരായ്മ തിരിച്ചറിഞ്ഞ് ശരിയായ നിലപാട് ഒരാൾ സ്വീകരിച്ചാൽ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
ഇടതുപക്ഷത്തിന്റെ കഴിഞ്ഞകാല ചരിത്രം നോക്കിയാൽ എത്രയോ സ്വതന്ത്രരെ നമ്മൾ മത്സരിപ്പിച്ചിട്ടില്ലേ. ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യർ സ്വതന്ത്രനായിരുന്നില്ലെ. നമുക്ക് അറിയാമല്ലോ. പാലക്കാട് ആദ്യത്തെ ആരോഗ്യമന്ത്രി എ.ആർ മേനോൻ സ്വതന്ത്രനായിരുന്നില്ലെ, സാനുമാഷ് സ്വതന്ത്രനായി ജയിച്ച ആളല്ലെ. അതുപോലെ എസ്.കെ പൊറ്റക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചതല്ലേ. ഇടതുപക്ഷത്തിന്റെ. തലശേരിയിൽ വെച്ച്. അദ്ദേഹം തോൽപ്പിച്ചത് ഡോ.സുകുമാർ അഴീക്കോടിനെ ആയിരുന്നില്ലേ. ഇങ്ങനെ എത്ര എത്ര ചരിത്രം ഉണ്ട്. ഇപ്പോൾ അദ്ദേഹം ശക്തമായ മതനിരപേക്ഷത നിലപാട് ഉയർത്തിപ്പിടിക്കുന്ന ഒരാളാണ്. ഒരു സ്‌കോളർ ആണ് അദ്ദേഹം. സിവിൽ സർവീസുകാരനാണ്. ഒരു ഡോക്ടറാണ്. അപ്പോൾ തീർച്ചയായിട്ടും പാലക്കാട് മണ്ഡലത്തിനെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ മുൻസിപാലിറ്റിയോടുള്ള ജനങ്ങളുടെ കടുത്ത അമർഷം, എംഎൽഎയുടെ നിരുത്തരവാദപരമായ സമീപനം ഇതൊക്കെ പാലക്കാട് മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും സജീവമായ ചർച്ചാ വിഷയങ്ങളാണ്.
തീർച്ചയായാട്ടും ഇതെല്ലാം ഡോക്ടർ സരിന് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഡോക്ടർ സരിനിപ്പോൾ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും സ്വീകാര്യനായ സ്ഥാനാർത്ഥിയാണ്. അദ്ദേഹത്തിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പെന്നു പറയുമ്പോൾ മണ്ഡലത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കാൻ കഴിയുന്ന, ഒരു എംഎൽഎ ആയി മാറാൻ കഴിയുന്ന പ്രതീകാത്കമാണ് ആ ചിഹ്നം എന്നു പറയാൻ കഴിയും. ഞങ്ങൾക്ക് സംശയമില്ല. സരിനെ ജനങ്ങൾ പാലക്കാട് ജനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി സ്വീകരിക്കും നെഞ്ചിലേറ്റും എന്നാണ് ഞങ്ങൾ കരുതുന്നത്.
പാലക്കാട്,ചേലക്കര തെരഞ്ഞെടുപ്പുകൾ കേരള രാഷ്ട്രീയത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നതെന്നാണ് വിശ്വസിക്കുന്നത്?
കേരളത്തിൽ ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ സീറ്റാണത്. കാൽ നൂറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഒപ്പം നിൽക്കുന്ന സീറ്റാണ്. അവിടെ മത്സരിക്കുന്ന സ്ഥാനാർത്ഥി സഖാവ് യു.ആർ പ്രദീപ്, അദ്ദേഹം 2016-2021 കാലയളവിൽ നിയമസഭയിൽ എന്റെ സഹപ്രവർത്തകനായിരുന്നു. വളരെ മിടുക്കനായ ഒരു ജനപ്രതിനിധിയായിരുന്നു. ജനങ്ങളോടൊപ്പം നിൽക്കുന്ന ഏതൊരാൾക്കും പ്രാപ്യനായ ഒരു വ്യക്തിയാണ്. ചേലക്കരയും പാലക്കാടും തീർച്ചയായും എൽഡിഎഫ് മുന്നറ്റമുണ്ടാകും, എന്ന കാര്യത്തിൽ യാതൊരു സംശയമില്ല. കാരണം യുഡിഎഫ് കേരളത്തിൽ കുറച്ചുനാളുകളായി സ്വീകരിക്കുന്ന നിലപാടുകളുണ്ട്. ഇപ്പോ നമുക്കറിയാം വികസന പദ്ധതികളോട് മുഖം തിരിഞ്ഞുനിൽക്കുകയാണ് അവർ ചെയ്യുന്നത്. ഒരു പ്രതിപക്ഷം ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമാകണ്ടേ?.
ഇപ്പൊ നാഷ്ണൽ ഹൈവേയുടെ കാര്യത്തിൽ നാഷ്ണൽ ഹൈവേ പദ്ധതിക്ക് തുരങ്കം വെയ്ക്കാനല്ലെ കീഴാറ്റൂർ സമരമുണ്ടായത്. തളിപ്പറമ്പിലെ കീഴാറ്റൂർ സമരം, ആ സമരത്തിൽ യുഡിഎഫും ബിജെപിയും കൈകോർക്കുന്നത് നമ്മൾ കണ്ടില്ലേ. ഗെയിൽ പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കഴിവുകേട് കൊണ്ട് ഉപേക്ഷിക്കപ്പെട്ട ഗെയിൽ പദ്ധതി നമ്മുടെ നാടിന് അത്യന്താപേക്ഷിതമായ ഒരു പദ്ധതി നടപ്പാക്കാൻ ഇച്ഛാശക്തി കാണിച്ചത് പിണറായി സർക്കാരാണ്. അതിനെ തടസപ്പെടുത്താൻ എന്തൊക്കെ ശ്രമിച്ചു. കലാപം ഉണ്ടാക്കാൻ ശ്രമിച്ചില്ലേ. പക്ഷേ അതൊക്കെ സർക്കാർ അങ്ങേയറ്റത്തെ നവദാനതയോടെ അതിനെയെല്ലാം അഭിമുഖീകരിച്ചു. ഇപ്പൊ ഗെയിൽ പദ്ധതി പൂർത്തീകരിച്ചു. നാഷ്ണൽ ഹൈവേ പൂർത്തീകരിക്കാൻ പോകുന്നു. ഇൻഡസ്ട്രിയൽ കോറിഡോർ യാഥാർത്ഥ്യമാകാൻ വേണ്ടി പോകുന്നു. അങ്ങനെ നമ്മുടെ കേരളത്തിൽ വലിയൊരു മുന്നേറ്റം ഉണ്ടാകുകയാണ്. പക്ഷേ ഇവിടൊരു പ്രശ്‌നമുണ്ട്, കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയുണ്ട്. സാമ്പത്തിക ഉപരോധമുണ്ട്.
കാരണം കേരളത്തിലെ ഇടതുപക്ഷത്തെയാണ് ബിജെപി മുഖ്യശത്രുവായി കാണുന്നത്. ഇപ്പൊ 2018ൽ പ്രധാനമന്ത്രി പറഞ്ഞല്ലോ ഞങ്ങടെ മുഖ്യ ശത്രു ഇടതുപക്ഷമാണ്. ചെങ്കൊടിയെ കുഴിച്ചുമൂടും എന്നു പറഞ്ഞത് ആർഎസ്എസ് നേതാവല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ ശത്രു ആശയപരമായി ഞങ്ങളാണ്. അവർ ബിജെപി ഭയപ്പെടുന്നത് ഇടതുപക്ഷ ആശയങ്ങളെയാണ്. അതുകൊണ്ടാണ് അവർ മാർക്‌സിസത്തെ അവരുടെ ശത്രു സ്ഥാനത്ത് ഒന്നാം സ്ഥാനത്ത് മാർക്‌സിസത്തെ അവർ കാണുന്നത്. ഇടതുപക്ഷ ഗവൺമെന്റിനെ തകർക്കണമെങ്കിൽ ഇവിടെ എംഎൽഎമാരെ ഓപ്പറേഷൻ ലോട്ടസ് പറഞ്ഞ് പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ പറ്റില്ല. പിന്നെ മറ്റു സംസ്ഥാനങ്ങളെ പോലെ ആസാമിലെ ഹിമന്ദ് ബിശ്വാസ് ശർമ്മ എങ്ങനെയാ ബിജെപിയിലേയ്ക്ക് കൊണ്ടുവന്നത്. അദ്ദേഹം സിബിഐയുടെ കേസിൽ പ്രതിയാകുമെന്ന് വന്നപ്പോ അദ്ദേഹത്തെ വിരട്ടി. ഈ സിബിഐയെ വെച്ച് വിരട്ടി.
അദ്ദേഹം മറുകണ്ടം ചാടി. അയാൾ ഡിസിസി പ്രസിഡന്റായിരുന്നില്ലേ. ഇപ്പോൾ അവിടുത്തെ മുഖ്യമന്ത്രിയല്ലേ. ബിജെപിയുടെ മുഖ്യമന്ത്രിയല്ലേ. അപ്പോൾ അന്വേഷണ ഏജൻസിയെവെച്ചിട്ടൊന്നും കേരളത്തിലെ ഇടതുപക്ഷത്തെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല. സ്വർണക്കടത്തിന്റെ പേരും പറഞ്ഞിട്ട് എന്തൊക്കെ നാടകംകളി ഇവിടെ നടന്നു. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരായി എന്തെല്ലാം ആരോപണങ്ങൾ ഉയർത്തി. എല്ലാം ദയനീയമായി പൊളിഞ്ഞുവീഴുന്നത് നമ്മൾ കണ്ടില്ലേ. അപ്പോ അന്വേഷണ ഏജൻസിയെ വെച്ച് മറ്റ് സംസ്ഥാനങ്ങളെ പോലെ ഒരു എൽഡിഎഫ് എംഎൽയെയും അവർക്കൊന്നും ചെയ്യാൻ പറ്റില്ല. മടിയിൽ കനമുള്ളവനല്ലേ വഴിയിൽ ഭയക്കേണ്ടൂ. ഇടതുപക്ഷത്തിന്റെ കൈകൾ ശുദ്ധമാണ്. അപ്പോ അതും നടക്കില്ല. പിന്നെന്താ ചെയ്യാൻ പറ്റാ. സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക സഹായം നിഷേധിക്കുക. ഇതാണ് കേന്ദ്ര ഗവൺമെന്റ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. അതല്ലേ വയനാടിന്റെ കാര്യത്തിൽ നിങ്ങൾ ആലോചിച്ച് നോക്കിയേ. ഏതാണ്ട് 100 ദിവസമായില്ലേ. പ്രധാനമന്ത്രി 11-ാം ദിവസം വന്നല്ലോ.
എന്നിട്ട് പ്രധാനമന്ത്രി പണമില്ലെന്ന കാരണത്തിൽ ഒന്നും തടസപ്പെടില്ല എന്നുപറഞ്ഞു. ഇതുവരെ ധനസഹായം അനുവദിച്ചോ. മഴ പെയ്ത സംസ്ഥാനങ്ങൾക്ക് സാധാരണരീതിയിൽ മഴപെയ്ത സംസ്ഥാനങ്ങൾക്ക് പോലും ഒരു നിവേദനം പോലും ലഭിക്കുന്നതിന് മുമ്പ് കേന്ദ്രം വാരിക്കോരി കൊടുത്തു. ത്രിപുരയ്ക്ക് കൊടുത്തില്ലേ, അതുപോലെ തെലങ്കാനയ്ക്ക് കൊടുത്തില്ലേ, ആന്ധ്രയ്ക്ക് കൊടുത്തില്ലേ, കർണാടകയ്ക്ക് കൊടുത്തില്ലേ. എന്താ കേരളത്തോടുള്ള അവഗണന. ഞാൻ ചോദിക്കട്ടെ വയനാട് വിഷയത്തിൽ നമ്മുടെ പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ വിമർശിക്കുന്നുണ്ടോ.കോൺഗ്രസ് ഒരു സമരം നടത്തുന്നുണ്ടോ. എന്തേ ചെയ്യാത്തത്. അപ്പൊ ഇതാണ് കേന്ദ്രത്തിന്റെ സമീപനം. ഈ മനുഷ്യത്വരഹിതമായ ക്രൂരമായ, കേന്ദ്ര അവഗണനയ്‌ക്കെതിരായ കേന്ദ്രത്തിന്റെ ഈ സാമ്പത്തിക ഉപരോധത്തിനെതിരായിട്ടുള്ള പ്രശ്‌നങ്ങൾ പാലക്കാട് മണ്ഡലത്തിലെ ജനങ്ങളിൽ പ്രതിഫലിക്കും. ബിജെപിക്ക് ഇത്തവണ വലിയ തിരിച്ചടിയായിരിക്കും.
ബിജെപിക്ക് തിരിച്ചടിയെന്ന് പറയുമ്പോൾ ബിജെപിക്ക് തിരിച്ചടിയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ബിജെപിയിലെ പടലപിണക്കങ്ങളാണെന്ന് തോന്നുന്നുണ്ടോ?
അല്ല, ബിജെപി എന്നുപറയുമ്പോൾ നമുക്കറിയാലോ കേരളത്തിലെ ബിജെപിയുടെ പ്രശ്‌നം എന്താ. നേതാക്കൻമാരെല്ലാവരും പണം ഉണ്ടാക്കാൻ നോക്കുകയല്ലേ. ബിജെപിയിലെ നേതാക്കൻമാർ പാർട്ടി വളർത്താനല്ലല്ലോ. അവരുടെ എന്താ പറയാ പണം ഉണ്ടാക്കാനുള്ള മത്സരമല്ലേ ബിജെപിയിൽ നടന്നുകൊണ്ടിരിക്കുന്നത്. എപ്പോ പത്രത്തിൽ വരുന്ന വാർത്തകൾ, ടിവിയിൽ വരുന്ന വാർത്തകൾ വെല്ലുവിളി നടക്കുന്നു. വെല്ലുവിളിക നടക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ ചില വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നു. 41 കോടി രൂപയല്ലേ വന്നിരിക്കുന്നത്. സംസ്ഥാന ഗവൺമെന്റ് അന്വേഷണം നടത്തി അത് പിഎംൽഎ ആക്ട് പ്രകാരം ഇഡിയാണല്ലോ അത് കൈകാര്യം ചെയ്യേണ്ടത്. കൈമാറിയല്ലോ ഒരു അന്വേഷണവും നടക്കുന്നില്ല. ബിജെപിയാണെങ്കിൽ ഇവിടെ എന്തുമാകാം. ബിജെപിക്ക് എന്തും ചെയ്യാം. ബിജെപിക്കാരനായി കഴിഞ്ഞാൽ അവർക്ക് നേരെ ഒരു അന്വേഷണവും ഇല്ല. അവർക്ക് കള്ളപ്പണം കടത്താം. ആരോടും പൈസ ചോദിക്കാം.
എന്തും ചെയ്യാം. ബിജെപിക്ക് പ്രത്യേക പ്രിവിലെജ് അല്ലേ, ഈ കേന്ദ്രസർക്കാരിന്റെ കാലത്ത്. ഒരു കേന്ദ്ര അന്വേഷണ ഏജൻസിയും അവരുടെ വാതിലിൽ മുട്ടില്ലല്ലോ. അതല്ലേ സ്ഥിതി. അപ്പോ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന പാർട്ടിയാണ്. കേരളത്തിലെ ബിജെപി നേതൃത്വത്തോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവരുടെ പാർട്ടി അണികൾക്ക് തന്നെ പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. നമ്മൾ ഇവിടെ കണ്ടല്ലോ. ശോഭ സുരേന്ദ്രന്റെ ബോർഡ് കത്തിച്ചതാരാണ്, ബിജെപിക്കാർ. ശോഭ സുരേന്ദ്രൻ പറയുകയാണ് ടിവിക്കാരോട്. എന്റെ ബോർഡേ കത്തിക്കാൻ പറ്റൂ. എന്റെ സാന്നിധ്യം ഇല്ലാതാക്കാൻ പറ്റില്ലെന്ന്. ആരോടാ പറഞ്ഞിരിക്കുന്നത്, ഇവിടുത്തെ ചില ബിജെപിക്കാരോടാണ് പറഞ്ഞിരിക്കുന്നത്. ബിജെപിയിൽ അതിനകത്ത് വലിയ പടലപിണക്കങ്ങളാണ്. പുറമെ കാണുന്ന പോലെയല്ല, ശക്തമായ ചേരിപ്പോരാണ് ബിജെപിക്കകത്ത്. ആ ചേരിപ്പോര് ഈ തെരഞ്ഞെടുപ്പോടുകൂടി പരസ്യമായ അടിയിലേക്ക് വരും. അടിയിൽ കലാശിക്കും.
സരിൻ കോൺഗ്രസിൽ നിന്നും സിപിഎമ്മിലേയ്ക്ക് വന്ന നേതാവാണ്. ഇതിനു പിന്നാലെ ഇനി ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളുടെ ഒഴുക്ക് സിപിഎമ്മിലേയ്ക്ക് ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?
ഇപ്പോ നിങ്ങൾ ആലോചിച്ച് നോക്ക്, ഇന്നലെ വരെ മുഖ്യമന്ത്രിയെ വിമർശിച്ച ഇടതുപക്ഷത്തെ വിമർശിച്ച സർക്കാരിനെ വിമർശിച്ച പലരും തങ്ങൾക്ക് തെറ്റുപറ്റി പോയി എന്നു പറയുന്ന സ്ഥിതി കേരളത്തിൽ വന്നിരിക്കുകയല്ലേ. ബിജെപിയിലൊക്കെയുള്ള പല നേതാക്കളുടെയും അനുഭവം എന്തൊക്കെയാണ്. ബിജെപിയിലെ ബിജെപിയിൽ വിശ്വസിച്ച് ബിജെപിക്ക് വേണ്ടി ശക്തമായി നിലപാട് സ്വീകരിക്കുകയും ബിജെപിയുടെ വക്താക്കളായി ചാനലുകളിൽ വന്ന് വളരെ ഊർജ്ജസ്വലരായി വന്ന് ബിജെപിക്ക് വേണ്ടി വാദിക്കുകയും പലരും ഇപ്പോ പാർട്ടിയിൽ നിന്നുള്ള അവഗണന, നേതാക്കളുടെ കിടമത്സരം ഇതിലൊക്കെ മനംനൊന്ത് ബിജെപിയോട് സലാം പറയാൻ വേണ്ടി ഇരിക്കയല്ലേ. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ. ഉറപ്പാണ്, കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകന് അത് ഏത് പാർട്ടിയിലാണെങ്കിലും അവർക്കുള്ള ഏറ്റവും മികച്ച ഓപ്ഷൻ ഇടതുപക്ഷമാണ്. അത് അനുദിനം കേരളത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
സിപിഎമ്മിനെ പോലെ കേഡർ സ്വഭാവമുള്ള പാർട്ടിയിലേയ്ക്ക് വരുമ്പോഴുള്ള ഒരു വ്യത്യസ്തത ഉണ്ടാകുമല്ലോ? അത് മനസ്സിലാക്കി മുന്നോട്ട് പോകാൻ വരുന്നവർക്ക് കഴിയും എന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും, ടി.കെ ഹംസ തന്നെ ആദ്യ ഉദാഹരണമാണ്. അദ്ദേഹം നേരത്തെ കോൺഗ്രസ് ആയിരുന്നില്ലേ, ഡിസിസി പ്രസിഡന്റ് ആയിരുന്നില്ലേ. അയാൾ ഇടതുപക്ഷത്തേയ്ക്ക് വന്നല്ലോ. കോൺഗ്രസിൽ ഉണ്ടായിരുന്ന ടി.കെ ഹംസയും ഇടതുപക്ഷത്തോടൊപ്പമുള്ള, സിപിഎമ്മിലുണ്ടായിരുന്ന ടി.കെ ഹംസയും നമുക്ക് വിലയിരുത്താൻ കഴിയുന്നതല്ലേ. എത്ര അച്ചടക്കത്തോടെ എത്ര മികച്ചനിലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. അദ്ദേഹം കോൺഗ്രസ് സംസ്‌കാരത്തിൽ വന്നയാളാണ്. പക്ഷേ അദ്ദേഹം ഇടതുപക്ഷ സംസ്‌കാരത്തിന്റെ ഭാഗമായി മാറി. പാർട്ടിയുടെ ഒരു കേഡറായി മാറി. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചു. അപ്പോ നമുക്കറിയാം മാറ്റമുണ്ടാകുമ്പോൾ ഒറ്റയടിക്ക് ഒരാൾ ഒരു സിപിഎം കേഡറാകണമെന്നില്ല. പക്ഷേ തീർച്ചയായിട്ടും അവരെയൊക്കെ സംസ്‌കരിച്ചെടുക്കാൻ കഴിയുന്ന ആന്തരികമായ ഒരു പ്രോസസ് ഞങ്ങളുടെ പാർട്ടിക്കകത്തുണ്ട്. ആരു വന്നാലും അവരെ പാർട്ടിയാക്കി ഒരു പാർട്ടി കേഡറാക്കി മാറ്റാൻ കഴിയും. കുറച്ച് സമയമെടുക്കുമെന്ന് മാത്രമേയൊള്ളൂ.
വീഡിയോ കാണാം