കോഴിക്കോട്: ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കൾ ഇന്ന് കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്ന് കെ മുരളീധരൻ. കോഴിക്കോട് വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി ഇന്ന് കോൺഗ്രസിന് ഇല്ല. നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നു എന്നാൽ ഇന്ന് ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണമെന്ന സ്ഥിതിയാണ്.
പിണറായി വിജയനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി ഇരിക്കരുത്. പണിയെടുത്താലേ ഭരണം കിട്ടൂ. സംസ്ഥാനത്ത് നിലവിൽ ബിജെപി – സിപിഎം ധാരണ ഒരുപാട് സ്ഥലത്തുണ്ടെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും കൂട്ടിചേർത്തു.