വാവര് സ്വാമിക്കെതിരായ പരാമര്‍ശം: ബി ഗോപാലകൃഷ്ണനെതിരേ പരാതിനല്‍കി കോണ്‍ഗ്രസ്

വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം.

വാവര് സ്വാമിക്കെതിരായ പരാമര്‍ശം: ബി ഗോപാലകൃഷ്ണനെതിരേ പരാതിനല്‍കി കോണ്‍ഗ്രസ്
വാവര് സ്വാമിക്കെതിരായ പരാമര്‍ശം: ബി ഗോപാലകൃഷ്ണനെതിരേ പരാതിനല്‍കി കോണ്‍ഗ്രസ്

കല്‍പറ്റ: വാവര് സ്വാമിക്കെതിരായ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. എന്‍.ഡി.എ പൊതുയോഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്.

വയനാട് കമ്പളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമര്‍ശം.

‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’, എന്നായിരുന്നു പ്രസംഗം.

Top