ബെംഗളൂരു: 3 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കർണാടകയിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 3 വനിതകളടക്കം 45 സ്ഥാനാർഥികൾ. കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് ചന്നപട്ടണയിലാണു, 31 പേർ. നിലവിൽ ഷിഗ്ഗാവിൽ എട്ടും സന്ദൂരിൽ ആറും സ്ഥാനാർഥികളുണ്ട്. ഷിഗ്ഗാവിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ എംഎൽഎ സയീദ് അസീം ഖാദിരി അവസാനനിമിഷം തന്റെ പത്രിക പിൻവലിച്ചതു കോൺഗ്രസിന് ഏറെ ആശ്വാസമായി. മന്ത്രി സമീർ അഹമ്മദ് ഖാനൊപ്പം എത്തിയാണു ഖാദിരി ഈ പത്രിക പിൻവലിച്ചത്. മണ്ഡലത്തിലെ മറ്റൊരു കോൺഗ്രസ് വിമതനായ മുൻ എംപി മഞ്ജുനാഥ് കുന്നൂറിന്റെ പത്രിക സൂക്ഷ്മപരിശോധനയ്ക്കു ശേഷം തള്ളിയിരുന്നു.
Also Read : വീർപ്പുമുട്ടി രാജ്യതലസ്ഥാനം; വായു മലിനീകരണ തോത് 400ന് അടുത്ത്
തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് സമ്മാന കൂപ്പൺ വിതരണം ചെയ്യുന്നതായി ആരോപിച്ച് കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി . ‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാഗഡി, രാമനഗര മണ്ഡലങ്ങളിൽ 5,000 രൂപയുടെ സമ്മാന കൂപ്പൺ കോൺഗ്രസ് വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഇവയുമായി ബെംഗളൂരുവിലെ മാളിലെത്തിയപ്പോഴാണ് അവ വ്യാജമാണെന്നും തങ്ങൾ കബളിപ്പിക്കപ്പെട്ടതായും വോട്ടർമാർ അറിഞ്ഞത്. സമാന തന്ത്രമാണ് ചന്നപട്ടണയിലും പയറ്റുന്നത്’’– കുമാരസ്വാമി ആരോപിച്ചു.