ന്യൂഡൽഹി: ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം. കോട്‍ല മാർഗിലെ ‘9എ’യിലാണ് ‘ഇന്ദിര ഭവൻ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആസ്ഥാനം പണികഴിപ്പിച്ചിരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ ഉദ്ഘാടനം നടത്തും.
കോൺഗ്രസ് അധ്യക്ഷൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഭാരവാഹികൾ എന്നിവർക്കും പാർലമെന്ററി പാർട്ടി നേതാവിനും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും പോഷക സംഘടനകൾക്കുമെല്ലാം പ്രത്യേക മുറികളുള്ള മന്ദിരം ആറ് നിലകളിലായാണ് ഒരുക്കിയിരിക്കുന്നത്. കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിന്നും കോട്‍ല മാർഗിൽ നിന്നും പ്രവേശന കവാടങ്ങൾ ഉണ്ടാകും. കോട്‍ല മാർഗിൽ നിന്നാണ് പ്രധാന പ്രവേശന കവാടം. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആണ് ബി.ജെ.പി ആസ്ഥാനമുള്ളത്.
2019ൽ കോൺഗ്രസിന്റെ 130ാം സ്ഥാപക ദിനത്തിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ഫണ്ടിന്റെ അപര്യാപ്തത ഉൾപ്പെടെയുള്ള കാരണങ്ങളാൽ മന്ദിരത്തിന്റെ നിർമാണം വൈകുകയായിരുന്നു. നിലവിൽ 24, അക്ബർ റോഡിലാണ് എ.ഐ.സി.സി ആസ്ഥാനം.