CMDRF

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നേരത്തെ 40 പേരുള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ കുണ്ടു, യൂത്ത് കോണ്‍ഗ്രസ് വക്താവ് രോഹിത് നഗര്‍ തുടങ്ങിയവരുള്‍പ്പെടുന്ന പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ 40 പേരുള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥിപട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

പാനിപതില്‍ നിന്ന് സച്ചിന്‍ കുണ്ടു, ടിഗാവോണില്‍ രോഹിത് നഗര്‍, അംബാല കന്ത് സീറ്റിലേക്ക് പരിമള്‍ പാരി, നര്‍വാന-എസ് സി സംവരണ സീറഅറിലേക്ക് സത്ബീര്‍ ദുബ്ലേന്‍, റാനിയയില്‍ സര്‍വ മിത്ര സംബോജ് എന്നിവരെയാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ 90 അംഗ നിയമസഭയിലേക്ക് 85 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവിട്ട 40 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി രണ്‍ദീപ് സുര്‍ജെവാലയുടെ മകന്‍ ആദിത്യയുടെ പേരും ഉള്‍പ്പെട്ടിരുന്നു.

അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിന് മുമ്പേയായിരുന്നു പല്‍വാല്‍ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ബന്ധുവുമായ കരണ്‍ ദലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഔദ്യോഗിക പാര്‍ട്ടി ടിക്കറ്റില്ലാതെ നാമനിര്‍ദേശ പത്രിക സമര്‍പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മത്സരിപ്പിക്കുമെന്ന് തനിക്ക് മുതിര്‍ന്ന നേതാവ് ഉറപ്പ് നല്‍കിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെപ്റ്റംബര്‍ 12ന് മുമ്പ് ഔദ്യോഗിക ടിക്കറ്റ് സംബന്ധിച്ച വിവരം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ കരണ്‍ ദലാലിന്റെ പേരും ഇടംപിടിച്ചിട്ടുണ്ട്.ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാല് സീറ്റുകളില്‍ കൂടിയാണ് കോണ്‍ഗ്രസ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണും.

Top