തിരുവനന്തപുരം: വഖഫ് പരാമര്‍ശത്തില്‍ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ മത വികാരം വൃണപ്പെടുത്തിയെന്നാണ് പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയത്. സുരേഷ് ഗോപി മത വികാരം വൃണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
Also Read:ഉമ്മന്‍ചാണ്ടിയോട് പിണറായി വിജയന്‍ മാപ്പ് പറയണം; സീപ്ലെയിന്‍ പദ്ധതിയില്‍ കെ സുധാകരന്‍
ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞതെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമ്മില്‍ തല്ലിക്കാനാണ് നീക്കമെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കുന്ന തന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.