ഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനിടെ കോൺഗ്രസ് നിലപാടിനോട് വിയോജിച്ച ‘ഇന്ത്യ’ മുന്നണിയിലെ സഖ്യ കക്ഷികൾ തോൽവിക്ക് കോൺഗ്രസിൻറെ ധാർഷ്ട്യം കാരണമായെന്ന് വിമർശിച്ചു.
ഹരിയാനയിൽ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും 99 ശതമാനം ബാറ്ററി ചാർജ് കാണിച്ചു എന്ന പരാതിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളിൽ എങ്ങനെ 99 ശതമാനം ചാർജ്ജ് കാണിക്കും എന്നാണ് കോൺഗ്രസ് ഉയർത്തിയ ചോദ്യം. നിരവധി സീറ്റുകളിൽ ഇത്രയും ചാർജ്ജ് കാണിച്ച മെഷീനുകളിൽ വോട്ട് ബിജെപിക്ക് പോയെന്നും കെസി വേണുഗോപാലിൻറെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.