കോഴിക്കോട്: വടകരയില്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. അതെസമയം സര്‍വകക്ഷി യോഗ ആവശ്യവുമായി സിഎംപി കളക്ടറെ നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഐഎമ്മും ലീഗും നടത്തിയ ചര്‍ച്ചയെ കുറിച്ചറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വകക്ഷി യോഗം വിളിക്കുന്നതില്‍ തെറ്റില്ല. എപ്പോള്‍ വേണമെങ്കിലും കളക്ടര്‍ക്ക് യോഗം വിളിക്കാം. വിളിച്ചാല്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സഹകരിക്കുമെന്നും അതിന് സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം യുഡിഎഫ് നടത്തിയ വിശദീകരണ യോഗത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. വിവാദ പരാമര്‍ശത്തിന് പിന്നാലെ ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണവും നടന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
അതെസമയം തിരഞ്ഞെടുപ്പ് നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും വടകരയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരസ്പരം പഴി ചാരുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വം. ഇതിനിടയില്‍ പ്രദേശത്തെ സമാധാനന്തരീക്ഷം പുനസ്ഥാപിക്കാന്‍ സര്‍വ കക്ഷി യോഗം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനുമായി ചര്‍ച്ച നടത്തിയിരുന്നു.