ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്. അതേസമയം അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഈ പട്ടികയിലും ഇല്ല. ഇതോടെ ഈ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
നാലുപേരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്ന പട്ടികയിലുള്ളത്. മുന്‍ കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മ്മ ഹിമാചലിലെ കങ്കര മണ്ഡലത്തില്‍നിന്ന് മത്സരിക്കും. ഹിമാചലിലെ ഹാമിര്‍പുരിയില്‍ നിന്ന് മുന്‍ എം.എല്‍.എ. സത്പല്‍ റൈസാദ മത്സരിക്കും. ഇവിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ഹരിയാനയിലെ ഗുഡ്ഗാവില്‍ രാജ് ബബ്ബറും മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്തില്‍നിന്ന് ഭൂഷണ്‍ പാട്ടീലും ജനവിധി തേടും.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയ്ക്ക് വെറും മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ അമേഠിയിലേയും റായ് ബറേലിയിലേയും സസ്‌പെന്‍സ് തുടരുകയാണ്. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇന്ന് പുറത്തിറക്കിയ ലിസ്റ്റിലും ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ചാം ഘട്ടമായി മേയ് 20-നാണ് അമേഠിയിലെ വോട്ടെടുപ്പ്.