പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെയടക്കം പേരില്‍ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയാണിത്. ജസ്റ്റിസുമാരായ ബി .വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
സീതാറാം കേസരി കോണ്‍ഗ്രസ് ട്രഷററായിരുന്ന 1994-95 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് 2016-ല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിക്കൊപ്പം പുതുതായി ലഭിച്ച 135 കോടി പിടിച്ചെടുത്തതിനെതിരായ ഹര്‍ജിയും പരിഗണിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സമീപകാലത്ത് ലഭിച്ച എല്ലാ ആദായ നികുതി നോട്ടീസുകളും ഒരുമിച്ച് സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 1994-95 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാന്‍ കോണ്‍ഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു.
എന്നാല്‍ നോട്ടീസുകളെല്ലാം ഒരുമിച്ച് സുപ്രീം കോടതി കേള്‍ക്കുന്നത് ആദായ നികുതി വകുപ്പ് എതിര്‍ക്കും. എതിര്‍പ്പ് നാളെ സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ നോട്ടീസുകളും വ്യത്യസ്തമാണ്. അതിനാല്‍ ഒരുമിച്ച് ഇവ കേള്‍ക്കരുത് എന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യം. നോട്ടീസ് ചോദ്യംചെയ്ത് ആദായനികുതി വകുപ്പ് കമ്മീഷണര്‍ക്കാണ് ആദ്യം അപ്പീല്‍ നല്‍കേണ്ടത്. അതല്ലാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും.
ആദായ നികുതി വകുപ്പില്‍ നിന്ന് കോണ്‍ഗ്രസിന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ലഭിച്ചത് 3567.25 കോടിയുടെ നോട്ടീസ് ആണ്.