ഡല്‍ഹി: വരുണ്‍ ഗാന്ധിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. വരുണ്‍ ഗാന്ധി ശക്തനും കഴിവുള്ളവനുമാണ്. അദ്ദേഹം കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന് മുതിര്‍ന്ന നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപിയാണ് വരുണ്‍ ഗാന്ധി. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഓഫര്‍.
പാര്‍ട്ടിക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന നേതാവായിരുന്നു വരുണ്‍ ഗാന്ധി. അതുകൊണ്ട് തന്നെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ടിക്കറ്റ് നല്‍കില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. വരുണ്‍ ഗാന്ധിക്ക് പകരം സംസ്ഥാന മന്ത്രി ജിതിന്‍ പ്രസാദിനെയാണ് ബിജെപി പിലിഭിത്തില്‍ മത്സരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരി വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്.
ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ പേരിലാണ് വരുണിന് ടിക്കറ്റ് നിഷേധിച്ചതെന്ന് ചൗധരി ആരോപിച്ചു. ‘അദ്ദേഹം കോണ്‍ഗ്രസില്‍ ചേരണം, പാര്‍ട്ടിയില്‍ ചേരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. വരുണ്‍ വിദ്യാസമ്പന്നനാണ്. അദ്ദേഹത്തിന് ക്ലീന്‍ ഇമേജ് ഉണ്ട്. ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണ് ബിജെപി അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചത്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരണമെന്ന് താന്‍ കരുതുന്നു’-അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.