മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജ്‌നാഥ് സിങ്

മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജ്‌നാഥ് സിങ്
മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്: രാജ്‌നാഥ് സിങ്

ഡല്‍ഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തീക്കളിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. എന്നാല്‍, അവരുടെ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഉള്ളില്‍ തീയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സാമൂഹിക സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമം. വോട്ട് ബാങ്കായി മാത്രമാണ് അവര്‍ മുസ്ലിം സമുദായത്തെ കാണുന്നത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. രാഷ്ട്രീയത്തിന്റെ ലക്ഷ്യം രാഷ്ട്രനിര്‍മാണമാണ്. അല്ലാതെ, സര്‍ക്കാര്‍ രൂപീകരണം മാത്രമല്ല രാഷ്ട്രീയമെന്നും അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു.

400-ലധികം സീറ്റുകള്‍ സ്വന്തമാക്കി എന്‍.ഡി.എ ഇത്തവണ അധികാരത്തിലേറും. ബി.ജെ.പി 370-ലധികം സീറ്റുകളില്‍ വിജയിക്കും. യു.പിയിലും ബംഗാളിലും സീറ്റുകള്‍ വര്‍ധിക്കും. തമിഴ്‌നാട്ടില്‍ നിന്ന് ബി.ജെ.പിക്ക് എം.പിമാരുണ്ടാകും. കേരളത്തില്‍ ഇത്തവണ പാര്‍ട്ടി അക്കൗണ്ട് തുറക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് (യു.സി.സി), ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ബി.ജെ.പി തങ്ങളുടെ പ്രതിബദ്ധതകള്‍ നിറവേറ്റുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രകടനപത്രികയില്‍ പറയുന്നതെല്ലാം സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top