‘രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാന്‍ ബിജെപി ശ്രമിക്കുന്നു’; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

‘രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാന്‍ ബിജെപി ശ്രമിക്കുന്നു’; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക ഗാന്ധി. മലയാളത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രസംഗം ആരംഭിച്ചത്. ഗുരുദേവന്റെ ആശയങ്ങള്‍ പിന്‍തുടരുന്നവരാണ് കേരളീയ ജനത. തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങള്‍ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വര്‍ഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകര്‍ക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാന്‍ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോര്‍പറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നല്‍കി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു. തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ നരേന്ദ്ര മോദി വര്‍ഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകള്‍ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Top