ഡല്‍ഹി: ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആദ്യ മൂന്നു ഘട്ട തിരഞ്ഞെടുപ്പുകളില്‍ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുല്‍ ആഹ്വാനം ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്നാണ്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. യുപിയില്‍ 13ഉം ബംഗാളില്‍ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്നാണ്. യുപിയില്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിര്‍ രഞ്ജന്‍ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂര്‍ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീന്‍ ഉവൈസി എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്.