ഡല്‍ഹി: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ രൂപസാദൃശ്യത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ നടത്തിയ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. പ്രസ്താവന ദൗര്‍ഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഇന്ത്യയിലെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടാന്‍ സാം പിട്രോഡ നടത്തിയ സാമ്യതകള്‍ ദൗര്‍ഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നു, ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. പ്രസ്താനവയ്ക്കെതിരേ ബി.ജെ.പി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നത്. കഴിഞ്ഞദിവസം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിട്രോഡ ആളുകളുടെ രൂപസാദൃശ്യത്തെ മുന്‍നിര്‍ത്തി രാജ്യത്തിന്റെ വൈവിധ്യത്തേക്കുറിച്ച് പറഞ്ഞത്.
ഇന്ത്യപോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തെ നമുക്ക് ഒരുമിച്ച് നിര്‍ത്താം. കിഴക്കുള്ള ജനങ്ങള്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപോലെയും തോന്നിക്കുന്നു. ഉത്തരേന്ത്യയിലുള്ളവര്‍ ചിലപ്പോള്‍ വെള്ളക്കാരെപോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കയിലുള്ളവരെപ്പോലെയുമാണ്. അത് വിഷയമല്ലെന്നും എല്ലാവരും സഹോദരീ സഹോദരന്‍മാരാണെന്നുമാണ് പിട്രോഡ പറഞ്ഞത്.