CMDRF

ഡൽഹി കോച്ചിംഗ് സെൻ്ററിലെ മുങ്ങി മരണം; സംവിധാനത്തിന്‍റെ കൂട്ട പരാജയമെന്ന് രാഹുൽ

ഡൽഹി കോച്ചിംഗ് സെൻ്ററിലെ മുങ്ങി മരണം; സംവിധാനത്തിന്‍റെ കൂട്ട പരാജയമെന്ന് രാഹുൽ
ഡൽഹി കോച്ചിംഗ് സെൻ്ററിലെ മുങ്ങി മരണം; സംവിധാനത്തിന്‍റെ കൂട്ട പരാജയമെന്ന് രാഹുൽ

ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗറിലെ കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മലയാളി ഉൾപ്പെടെയുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. സംവിധാനത്തിന്‍റെ കൂട്ട പരാജയമാണിതെന്നും ഓരോ പൗരന്‍റെയും സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

“ഡൽഹിയിലെ ഒരു കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി ഉദ്യോഗാർത്ഥികളായ വിദ്യാർത്ഥികളുടെ മരണം ദൗർഭാഗ്യകരമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരു വിദ്യാർത്ഥി മരിച്ചു. എല്ലാ കുടുംബാംഗങ്ങളോടും ഞാൻ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ രാത്രി 7 മണിയോടെയാണ് വെള്ളംകയറി തുടങ്ങിയത്. മൂന്ന് വിദ്യാർത്ഥികളാണ് വെള്ളക്കെട്ടിൽ മരിച്ചിരുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് ആരോപണമുയരുന്നത്. വിവരം ലഭിച്ച അഗ്നിരക്ഷാസേനയെത്തി ബേസ്‌മെന്റിലെ വെള്ളം പമ്പ് ചെയ്ത് മാറ്റി. തുടർന്ന് എൻ ഡി ആർ എഫ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മുപ്പതോളം വിദ്യാർഥികൾ ബേസ്‌മെന്റിൽ ഉണ്ടായിരുന്നതായും അതിൽ മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതൊന്നും അഗ്നി രക്ഷാസേന പറയുന്നു.

Top