മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തുകയടച്ച് അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബറോടെ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിനായി ഒരുമുഴം മുന്‍പേ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടി ഓഫിസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകള്‍ പൂരിപ്പിച്ച് ഓഗസ്റ്റ് പത്താം തിയ്യതിക്കുള്ളില്‍ നല്‍കണമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ 20,000 രൂപയും, വനിത, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ സ്ഥാനാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ 10,000 രൂപയുമാണ് ഫീസ്.
നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ അറിയിച്ചിരുന്നു. സഖ്യധാരണകള്‍ പ്രകാരമാണ് മത്സരിക്കുകയെങ്കിലും എല്ലാ സീറ്റിലും മത്സരിക്കുന്നുവെന്ന വാശിയിലായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍സിപി ശരത് പവാര്‍ വിഭാഗം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാ വികാസ് അഘാടി സഖ്യം 288 സീറ്റുകളും തത്തുല്യമായി വീതിച്ചെടുക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ ഇവയില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്ന് മൂന്ന് പാര്‍ട്ടികളുടെയും വക്താക്കള്‍ അറിയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനും ഇറങ്ങുന്നത്. ആകെയുള്ള 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ മുപ്പത് സീറ്റുകള്‍ നേടി സഖ്യം കരുത്ത് തെളിയിച്ചിരുന്നു. ഇതിന് പിന്നാലെ സീറ്റ് തര്‍ക്കം ഉടലെടുത്തിരുന്നെങ്കിലും ചര്‍ച്ചകള്‍ നടക്കട്ടെ എന്നതായിരുന്നു മൂന്ന് പാര്‍ട്ടികളുടെയും നിലപാട്.