ഡൽഹി: രാജ്യത്തെ സാമ്പത്തിക നില ശക്തമെന്ന 2023-24 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് തള്ളി കോൺഗ്രസ്. സാമ്പത്തിക സര്‍വെ കള്ളം ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. പണപ്പെരുപ്പം കുറഞ്ഞുവെന്നാണ് സര്‍വെ പറയുന്നത്. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. സമ്പൂര്‍ണ ദാരിദ്ര്യം തുടച്ചുനീക്കിയെന്ന പരാമര്‍ശം തെറ്റാണ്. ഇന്ത്യയിലെ പകുതിപേര്‍ക്കും മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ വകയില്ല എന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
സാമ്പത്തിക സർവ്വെ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നാണ് ലോക്സഭയിൽ വച്ചത്. ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടാൻ രാജ്യത്തിൻ്റെ സാമ്പത്തിക രംഗം ശക്തമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020നെക്കാൾ 20 ശതമാനം വളർച്ച 2024ൽ കൈവരിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും റിപ്പോർട്ടിൽ പറയുന്നു.
നാളെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തേയും നിർമല സീതാരാമൻ്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖയാണ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റെന്നും 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഒന്നിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാന്‍ എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.