ഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ നോട്ടക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥനയുമായി കോണ്‍ഗ്രസ്. അവസാന നിമിഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതിനാലാണ് നോട്ടയ്ക്കായി കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുന്നത്. ഇന്‍ഡോര്‍ മണ്ഡലത്തില്‍ 35 വര്‍ഷത്തിനിടെ (1989 മുതല്‍) കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ കഴിയാതെ വരുന്നത് ഇതാദ്യമാണ്.
‘നോട്ട തിരഞ്ഞെടുക്കാനും ബിജെപിയെ ‘പാഠം’ പഠിപ്പിക്കാനും മെയ് 13-ന് വരൂ’ എന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ മതിലുകളും ഓട്ടോറിക്ഷകളും പോസ്റ്ററുകള്‍ ഒട്ടിക്കുകയും യോഗങ്ങള്‍ സംഘടിപ്പിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ ഇന്‍ഡോറില്‍ വിജയം ഏറെ ദുഷ്‌കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.
എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു അക്ഷയ് കാന്തി ബാമിന്റെ കൂറുമാറ്റം. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിസഹകരണം മൂലമാണ് അവസാനനിമിഷം പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അക്ഷയ് കാന്തിന്റെ പ്രതികരണം. മെയ് 13 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുന്നത്