കോണ്‍ഗ്രസ് അധികാരത്തിലത്തിയാല്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞു; യോഗിയുടെ പ്രസംഗം വിവാദമാകുന്നു

കോണ്‍ഗ്രസ് അധികാരത്തിലത്തിയാല്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞു; യോഗിയുടെ പ്രസംഗം വിവാദമാകുന്നു

അമ്രോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ രാജസ്ഥാന്‍ പ്രസംഗത്തിന് സമാനമായ പരാമര്‍ശങ്ങളുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാര്‍ രൂപവത്കരിക്കുകയാണെങ്കില്‍ ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രസംഗം. ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ബി.ജെ.പിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍, ദാരിദ്ര്യം നിര്‍മാര്‍ജനംചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടേക്ക് പോവും’, യോഗി ആദിത്യനാഥ് ചോദിച്ചു.

‘ഇന്ത്യ മുന്നണിയെന്ന പേരില്‍ നിങ്ങളുടെ മുന്നില്‍ ഇന്ന് വന്നിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചവരാണ്. വീണ്ടും വഞ്ചിക്കാനാണ് അവര്‍ നിങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുമായി വന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യ അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ല’, ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞ ദിവസത്തെ മോദിയുടെ പ്രസംഗത്തിലെ ഉള്ളടക്കം. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

Top