ഡൽഹി: ഹരിയാനയിലെ മന്ത്രിസഭ രൂപീകരണം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകേണ്ടതില്ലെന്ന് കോൺഗ്രസ്. 13 മണ്ഡലങ്ങളിലെ ഇ വി എമ്മുകളെ കുറിച്ചുള്ള പരാതി കൂടി കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതുൾപ്പടെയുള്ള 20 സീറ്റുകളിലെ ഫലം അന്വേഷണം പൂർത്തിയാകുന്നത് വരെ മരവിപ്പിക്കണം എന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ ഇക്കാര്യം ഉന്നയിച്ച് കോടതിയിൽ പോകാനുള്ള നീക്കമാണ് ഇന്ന് കോൺഗ്രസ് ഉപേക്ഷിച്ചത്.
വിഷയത്തിൽ കോടതി ഇടപെടാനുള്ള സാധ്യത കുറവാണെന്ന നിയമവിദഗ്ധർ നൽകിയ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. കോടതി കേസ് തള്ളിയാൽ അത് കോൺഗ്രസ് നീക്കത്തിന് തിരിച്ചടിയാകും. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ തെളിവുകൾ എത്തിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് ശ്രമം. ഈയാഴ്ച കൂടുതൽ തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.