ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കായി പാർട്ടി ചെലവഴിച്ചത് 1.40 കോടി രൂപ. 70 ലക്ഷം രൂപ വീതമാണ് പാർട്ടി ഫണ്ടിൽ നിന്നും റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ മത്സരിക്കാൻ പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് സമർപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മത്സരിച്ച രണ്ടിടത്തും വിജയിച്ച രാഹുൽ റായ്ബറേലി നിലനിർത്തുകയായിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിക്കല്ല പാർട്ടി ഫണ്ടിൽ നിന്നും ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 87 ലക്ഷം രൂപ കിട്ടിയ ഹിമാചൽപ്രദേശിലെ മംഡി സ്ഥാനാർത്ഥി വിക്രമാദിത്യ സിങ് കങ്കണ റണാവത്തിനോട് പരാജയപ്പെടുകയായിരുന്നു. ആലപ്പുഴയിൽ മത്സരിച്ച പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മണിക്കം ടാഗോർ, ഗുൽബർഗയിൽ മത്സരിച്ച രാധാകൃഷ്ണ, അനന്തപൂർ സാഹിബിൽ വിജയ് സിംഗ്ല എന്നിവർക്കും മത്സരിക്കാൻ 70 ലക്ഷം രൂപ ലഭിച്ചു.
മുതിർന്ന നേതാക്കളായ ആനന്ദ് ശർമ, ദിഗ്വിജയ് സിംഗ്, എന്നിവർക്ക് 46 ലക്ഷം രൂപ, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് പാർട്ടി ചെലവഴിച്ചത്. എന്നാൽ ഇരുവരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റിലാണ് പാർട്ടി വിജയിച്ചത്.
Also Read:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ ഇന്ന് ബിജെപിയിൽ ചേരും
ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷത്തിൽ നിന്നും 95 ലക്ഷമായി 2022 ജനുവരിയിലാണ് കേന്ദ്രസർക്കാർ ഉയർത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശപ്രകാരമായിരുന്നു ഇത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 28 ലക്ഷത്തിൽ നിന്നും 40 ലക്ഷമായും ഉയർത്തി.