അൻവറിൻ്റെയും സരിൻ്റെയും അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്സ്, വോട്ട് ബാങ്ക് ചോരുമോ ?

സി.പി.എം നേതൃത്വത്തെയും സര്‍ക്കാരിനെയും നിരന്തരം വെല്ലുവിളിക്കുന്ന പി.വി അന്‍വര്‍ പാലക്കാട് - ചേലക്കര മണ്ഡലങ്ങളില്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയാകുന്നത് യു.ഡി.എഫിനായിരിക്കും

അൻവറിൻ്റെയും സരിൻ്റെയും അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്സ്, വോട്ട് ബാങ്ക് ചോരുമോ ?
അൻവറിൻ്റെയും സരിൻ്റെയും അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്സ്, വോട്ട് ബാങ്ക് ചോരുമോ ?

നായാസ വിജയം ലക്ഷ്യമിട്ട് പാലക്കാട്ടേക്ക് തിരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വലിയ വെല്ലുവിളിയാണിപ്പോള്‍ നേരിടുന്നത്. കോണ്‍ഗ്രസ്സ് ഡിജിറ്റില്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിന്‍ മാങ്കൂട്ടത്തിന്റെ എതിരാളിയായി വന്നതോടെ പാലക്കാട്ടെ പോരാട്ടത്തിന്റെ മാനം തന്നെ മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ്സ് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സരിന് കഴിഞ്ഞാല്‍ വോട്ടുകള്‍ വലിയ രൂപത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. ഇടത് സ്വതന്ത്രനായാകും സരിന്‍ മത്സരിക്കുക എന്നാണ് സി.പി.എം കേന്ദ്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.

ഒറ്റപ്പാലം തിരുവില്ലാമല പകവത്ത് കുടുംബാംഗമായ ഡോ. പി സരിന്‍ പുതിയ സാഹചര്യത്തില്‍ പാലക്കാട് സി.പി.എമ്മിന് മുന്നോട്ടുവയ്ക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി തന്നെയാണ്. യുവതീ – യുവാക്കളുടെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് ആദ്യ ശ്രമത്തില്‍ തന്നെ നേടിയിട്ടും അത് ഉപേക്ഷിച്ച് രാഷ്ട്രീയവഴി സ്വീകരിച്ചയാളാണ് സരിന്‍. സാധാരണ ഐ.എ.എസും – ഐ.പി.എസും ലഭിക്കുന്നവര്‍ അവരുടെ സര്‍വ്വീസിലെ റിട്ടയര്‍മെന്റ് കഴിഞ്ഞ ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങാറുള്ളതെങ്കില്‍ സരിന്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Rahul Mamkootathil

2007 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരുന്നത്. ഇന്ത്യന്‍ അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്കാണ് ആദ്യ ശ്രമത്തില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തിരുവനന്തപുരത്തായിരുന്നു ആദ്യ പോസ്റ്റിങ്ങ്. പിന്നീട് നാലുവര്‍ഷം കര്‍ണ്ണാടകയിലും സേവനമനുഷ്ഠിക്കുകയുണ്ടായി. സിവില്‍ സര്‍വ്വീസ് ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് സരിന്‍ എത്തിയത് 2016 ലാണ്. അത് ഒരു ദിവസത്തെ തോന്നലൊന്നുമല്ലായിരുന്നു എന്നാണ് സരിന്‍ പറയുന്നത്. മാതാപിതാക്കളുടെയടക്കം എതിര്‍പ്പ് മറികടന്ന് ആ തീരുമാനത്തിലേക്ക് എത്തുക എളുപ്പമല്ലായിരുന്നു.

Also Read: ‘രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്, താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും’; സരിനോട് ശബരീനാഥൻ

ഭാര്യയും നവജാത ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യയുടെ പൂര്‍ണപിന്തുണ ഉറപ്പായതോടെയാണ് മറ്റെല്ലാ എതിര്‍പ്പുകളെയും മറികടന്ന് സരിന്‍ തന്റെ തീരുമാനത്തിലുറച്ച് നിന്നിരുന്നത്. ഔദ്യോഗിക പദവി ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ സരിന്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 2021-ല്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ഇടതുകോട്ടയില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.

P Sarin

അന്ന് സരിനെ പരാജയപ്പെടുത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ പാലക്കാട് അദ്ദേഹത്തിന് അവസരം നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സരിനെ നേരിടുക എന്നത് കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാകും. വിജയിച്ചാലും ഇല്ലെങ്കിലും പാലക്കാട് വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഇടതുപക്ഷത്തിന് വന്‍ നേട്ടമാകും. അതോടൊപ്പം ചുവപ്പ് കോട്ടയായ ചേലക്കര നിലനിര്‍ത്താന്‍ കൂടി കഴിഞ്ഞാല്‍ പിന്നെ പറയേണ്ട കാര്യവുമില്ല. സര്‍ക്കാരിനും സി.പി.എമ്മിനും എതിരായ സകല ആരോപണങ്ങളുടെയും മുനയും അതോടെ ഒടിയും.

മാത്രമല്ല, സി.പി.എം നേതൃത്വത്തെയും സര്‍ക്കാരിനെയും നിരന്തരം വെല്ലുവിളിക്കുന്ന പി.വി അന്‍വര്‍ പാലക്കാട് – ചേലക്കര മണ്ഡലങ്ങളില്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയാകുന്നത് യു.ഡി.എഫിനായിരിക്കും. എ.ഐ.സി.സി അംഗം സുധീറിനെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയ അന്‍വറിന്റെ നടപടി യു.ഡി.എഫ് കേന്ദ്രങ്ങളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജിനെ പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കിയതും യു.ഡി.എഫ് വോട്ട് ബാങ്കിനെയാണ് ബാധിക്കാന്‍ സാധ്യത. അന്‍വര്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നത് ആസ്വദിച്ചിരുന്ന കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കള്‍ അന്‍വറിന്റെ യഥാര്‍ത്ഥ ശത്രു യു.ഡി.എഫ് ആണോ എന്നാണിപ്പോള്‍ പരസ്പരം ചോദിക്കുന്നത്.

Shafi Parambil

പാലക്കാട് മണ്ഡലത്തില്‍ ആഴത്തില്‍ വേരുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വിജയിക്കാനായത് കേവലം 3,859 വോട്ടുകള്‍ക്ക് മാത്രമാണ്. അതും അവസാന നിമിഷത്തില്‍ ബി.ജെ.പി വിജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചിട്ടായിരുന്നു. ഉപതിരഞ്ഞെടുപ്പായതിനാലും നിലവിലെ രാഷ്ട്രീയ വെല്ലുവിളി മുന്‍നിര്‍ത്തിയും അത്തരമൊരു വോട്ട് ഷിഫ്റ്റിങ് എന്തായാലും ഇത്തവണ സി.പി.എം നടത്തില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷ വോട്ടുകള്‍ പൂര്‍ണ്ണമായും സരിന്റെ പെട്ടിയില്‍ തന്നെയാണ് വീഴുക.

Also Read: തൃശൂർ പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘമായി

സി.പി.എം – ബി.ജെ.പി ഡീല്‍ എന്ന് ആരോപിച്ച കോണ്‍ഗ്രസ്സിന് നേരെ, സരിന്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ്സ് – ബി.ജെ.പി ഡീല്‍ എന്ന ആരോപണവും ഇതിനകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വടകരയില്‍ ഷാഫി പറമ്പിലിന് വിജയിക്കാന്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കി എന്ന ആരോപണമാണ് ഇടത് കേന്ദ്രങ്ങള്‍ ശക്തമായി ഉയര്‍ത്തിയിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതിന് പിന്നിലെ ‘അണിയറ രഹസ്യങ്ങള്‍’ പുറത്ത് വരിക തന്നെ ചെയ്യുമെന്നാണ് സി.പി.എം നേതാക്കളും അവകാശപ്പെടുന്നത്.

Express View

വീഡിയോ കാണാം

Top