ഡല്‍ഹി: ആറ്, എഴ് ഘട്ടങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മഹാലക്ഷ്മി സ്‌കീം പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ്. 40 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം. ദരിദ്ര കുടുംബത്തില്‍പ്പെട്ട ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
പലകാരണങ്ങളാല്‍ രാജ്യത്തെ സ്ത്രീകള്‍ കടുത്ത പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മഹാലക്ഷ്മ് സ്‌കീം അവരെ സഹായിക്കുമെന്നുമായിരുന്നു സോണിയ പറഞ്ഞത്. മഹാലക്ഷ്മി സ്‌കീം രാജ്യത്തെ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുമെന്നും കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി അവകാശപ്പെട്ടിരുന്നു. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ മഹാലക്ഷ്മി സ്‌കീം യാഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
കോടിക്കണക്കിന് ലക്ഷപതികളെ നമ്മള്‍ സൃഷ്ടിക്കും. ബിപിഎല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 8,500 രൂപ നിരക്കില്‍ വര്‍ഷം ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിലെത്തിക്കുമെന്നായിരുന്നു രാഹുല്‍ ഊന്നിപറഞ്ഞത്. മാസത്തിന്റെ ആദ്യം തന്നെ കൃത്യമായി ഈ തുക നിങ്ങളില്‍ എത്തുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. മെയ് 25 നും ജൂണ്‍ 1 നും ആയാണ് രാജ്യത്തെ ആറ്, ഏഴ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിന് വോട്ടെണ്ണും.