CMDRF

‘ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥത’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗണേശോത്സവം ഞങ്ങൾക്കു വെറുമൊരു വിശ്വാസത്തിന്റെ മാത്രം കാര്യമല്ല, സ്വാതന്ത്ര്യസമര കാലത്ത് ലോക്‌മാന്യ തിലക്, ഗണേശ പൂജയിലൂടെയാണു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്

‘ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥത’: പ്രധാനമന്ത്രി നരേന്ദ്ര മോദി
‘ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥത’: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ പൂജയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് മോദി. ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥതയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ചില പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽവച്ചാണു മോദി സംസാരിച്ചത്.

‘‘ഞാൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി. അധികാരത്തോട് ആർത്തിയുള്ളവര്‍ക്കാണ് ഗണേശ പൂജ പ്രശ്നമാകുന്നത്. ഗണേശോത്സവം ഞങ്ങൾക്കു വെറുമൊരു വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. സ്വാതന്ത്ര്യസമര കാലത്ത് ലോക്‌മാന്യ തിലക്, ഗണേശ പൂജയിലൂടെയാണു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്.

Also Read: ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി

ഇന്നും ഗണേശ പൂജയിൽ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. ബ്രിട്ടിഷുകാരുടെ കാലത്ത് ഗണേശോത്സവത്തിനെതിരെ പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അതേ കാര്യത്തിന് സാക്ഷികളാകുകയാണ്. ഇന്നും സമൂഹത്തെ വിഭജിക്കേണ്ടവർക്ക് ഗണേശോത്സവത്തോട് പ്രശ്നമുണ്ട്. ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണ്’’ – മോദി പറഞ്ഞു.

സെപ്റ്റംബർ 11നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കൽപന ദാസും സ്വന്തം വസതിയിൽ ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെ വിവാദം ഉടലെടുക്കുകയായിരുന്നു. ജുഡീഷ്യറിയുടെ സുതാര്യതയെക്കുറിച്ചും പെരുമാറ്റച്ചട്ടത്തെക്കുറിച്ചും പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു.

Top