സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം

സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം
സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും കോൺ​ഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തികൊണ്ട് സുനിൽ കനഗോലു ടീമിനെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കോൺഗ്രസ് വാർ റൂം ആഴ്ചകൾക്കകം സംസ്ഥാനത്തു വീണ്ടും പ്രവർത്തനം സജീവമാക്കുമെന്നാണ് റിപ്പോർട്ട്.

10 ജില്ലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വലിയ അപചയം സംഭവിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് സംഘടനാതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചില ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണമെന്ന് റിപ്പോർട്ടിൽ നിര്‍ദേശമുള്ളതായാണ്‌ കോൺ​ഗ്രസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ചാണ് വാർ റൂം കെപിസിസി ഓഫിസിലെ രണ്ടാമത്തെ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുക. രാജ്യത്താകമാനം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവച്ച മുന്നേറ്റത്തിനു പിന്നിലെ ചാലകശക്തി വാർ റൂം ആണെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

പാർട്ടിക്ക് മൂന്നക്കം കടക്കാൻ സാധിച്ചതിലും മത്സരിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിലും മുന്നേറ്റം നടത്താൻ സാധിച്ചതിലും വാർ റൂമിനു പങ്കുണ്ടെന്നാണു വിലയിരുത്തൽ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ വിജയിച്ചു പരീക്ഷിച്ച സംവിധാനം ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണു രാജ്യത്താകമാനം വ്യാപിപ്പിച്ചത്.

ഓരോ ബൂത്തിലും കോൺ‌ഗ്രസിന് എത്ര പ്രവർത്തകരുണ്ടെന്നു കണക്കെടുക്കുകയാണു സംസ്ഥാനത്ത് വാർ റൂമിന്റെ അടുത്ത ലക്ഷ്യമെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. പ്രവർത്തകരുടെ നമ്പർ ശേഖരിക്കും. അവരെ വിളിച്ചു പ്രവർ‌ത്തനങ്ങൾ അന്വേഷിച്ചു വിലയിരുത്തും. കീഴ്ഘടകങ്ങളിലെ മുഴുവൻ പ്രവർത്തനങ്ങളും വാർ റൂമിൽ അറിയാനുള്ള സംവിധാനമാണു ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിനു ഇതു സഹായകരമാകും എന്നാണു വിലയിരുത്തൽ.

Top