ന്യൂഡൽഹി: സെബി ചെയർമാനും അദാനി ഗ്രൂപ്പും തമ്മിലുള്ള കൂട്ടുകെട്ട് അവകാശപ്പെടുന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 22 ന് ഇ.ഡി ഓഫീസ് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. യുഎസ് ഷോർട്ട് സെല്ലർ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണത്തെ തുടർന്ന് സെബി ചെയർമാൻ സ്ഥാനത്തു നിന്ന് മാധബി ബുച്ചിനെ മാറ്റണമെന്നാണ് പാർട്ടിയുടെ ആവശ്യം.
പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും ചുമതലയുള്ളവരുടെയും സംസ്ഥാന അധ്യക്ഷൻമാരുടെയും യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. യോഗത്തിൽ ഹിൻഡൻബർഗ് വിഷയം ചർച്ചയായെന്നും തുടർന്ന് പ്രക്ഷോഭം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
പ്രധാനമന്ത്രിക്കും തട്ടിപ്പിൽ പങ്കുണ്ട്. ജെ.പി.സി അന്വേഷണം നടത്തിയാൽ മാത്രമേ ഇതൊക്കെ പുറത്ത് വരു. സെബി അദാനിക്ക് വേണ്ടി വിട്ടുവീഴ്ചകൾ നടത്തിയെന്നത് ഗൗരവകരമായ കാര്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.