ദില്ലി: രാഹുല്‍ ഗാന്ധിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. കേക്കും പൂക്കളും വാദ്യമേളങ്ങളുമായാണ് എ ഐ സി സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. ആര്‍പ്പുവിളികള്‍ക്കിടെ പ്രവര്‍ത്തകരിലേക്ക് എത്തി രാഹുല്‍ ആശംസകള്‍ ഏറ്റുവാങ്ങി. രാഹുല്‍ താമസിക്കുന്ന 10 ജന്‍പഥിലും കൊടികളും അലങ്കാരങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി.
രാഹുല്‍ ഗാന്ധിയുടെ 54ആം പിറന്നാളാണ് ഇന്ന്. 1970 ജൂണ്‍ 19നാണ് ജനനം. സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു- ‘എപ്പോഴും എന്റെ സുഹൃത്ത്, സഹയാത്രികന്‍, വഴികാട്ടി, തത്ത്വചിന്തകന്‍, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, സ്‌നേഹം’ എന്നാണ് പ്രിയങ്ക കുറിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലിനെ ജന്മദിനാശംസകള്‍ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും രാഹുലിന്റെ സവിശേഷമായ ഗുണങ്ങളാണെന്ന് ഖാര്‍ഗെ കുറിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികത രാഹുലിന്റെ എല്ലാ പ്രവൃത്തികളിലും ദൃശ്യമാണ്. എല്ലാവരുടെയും കണ്ണുനീര്‍ തുടയ്ക്കാനുള്ള ദൗത്യം തുടരുന്ന രാഹുലിന് സുദീര്‍ഘവും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നുവെന്നും ഖാര്‍ഗെ കുറിച്ചു.