ലണ്ടൻ: ഋഷി സുനക് പിന്മാറുന്ന ടോറി നേതൃസ്ഥാനത്തേക്ക് മാറ്റുരയ്ക്കാനെത്തുന്നത് ആറ് പേരാണ്. ബ്രിട്ടനിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ച ഋഷി സുനകിന് പിൻഗാമിയാകാൻ ഇന്ത്യൻ വംശജയായ പ്രീതി പട്ടേലും മൽസര രംഗത്തുണ്ട്. മൂന്നു മാസത്തെ തിരഞ്ഞെടുപ്പു നടപടികൾക്കുശേഷം നവംബർ ഒന്നിന് പതിയ നേതാവിനെ പ്രഖ്യാപിക്കും. അതുവരെ ആക്ടിങ് ലീഡർ സ്ഥാനത്ത് ഋഷി സുനക് തുടരും.
പ്രീതി പട്ടേലിനു പുറമേ മുൻമന്ത്രിമാരായ ടോം ട്വിഗ്വിൻഡാക്ക്, മെൽ സ്രൈഡ്, ജെയിംസ് ക്ലവേർലി, കെമി ബാഡ്നോക്ക്, റോബർട്ട് ജനറിക് എന്നിവരാണ് മൽസര രംഗത്തുള്ളത്. കേവലം 121 എംപിമാരിലേക്ക് പാർലമെന്റിലെ സാന്നിധ്യം ചുരുങ്ങിപ്പോയ ടോറികൾ പ്രതിപക്ഷമെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിഷമിക്കും. ഈ സാഹചര്യത്തിൽ നേതൃത്വത്തിലേക്ക് വരുന്നവർ ആരായാലും കനത്ത വെല്ലുവിളികളാകും മുന്നിലുണ്ടാകുക.മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും നേതൃത്വം ഏറ്റെടുക്കാൻ തയാറായി മുന്നോട്ടുവരുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത്. എന്നാൽ അദ്ദേഹം മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല.
മൽസര താൽപര്യം അറിയിച്ച ആറുപേരിൽ ഏറ്റവും കൂടുതൽ പിന്തുണ എംപിമാരിൽനിന്നും ലഭിക്കുന്ന നാലുപേർക്ക് സെപ്റ്റംബർ 29ന് നടക്കുന്ന പാർട്ടി സമ്മേളനത്തിൽ അംഗങ്ങളോട് സംവദിക്കാൻ അവസരം ലഭിക്കും. പിന്നീട് ഇവരിൽനിന്നും രണ്ടുപേരെ എംപിമാർ വോട്ടെടുപ്പിലൂടെ അവസാന സ്ഥാനാർഥികളായി കണ്ടെത്തും. ഇവരിൽ ഒരാളെയാകും പുതിയ ലീഡറായി കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കുക. ഒക്ടോബർ 31നാകും അവസാനറൗണ്ട് വോട്ടെടുപ്പ്.
2010 മുതൽ എംപിയായ പ്രീതി പട്ടേൽ തെരേസ മേയ് മന്ത്രിസഭയിൽ ഇന്റർനാഷനൽ ഡവലപ്മെന്റ് സെക്രട്ടറിയും ബോറിസ് ജോൺസന്റെ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയും ആയിരുന്നു. ബ്രിട്ടനിൽ പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സിസ്റ്റം പ്രാവർത്തികമാക്കിയ ഹോം സെക്രട്ടറിയാണ് പ്രീതി പട്ടേൽ. അഭയാർഥികളായെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുളള പദ്ധതിക്ക് തുടക്കമിട്ടതും പ്രീതി പട്ടേലായിരുന്നു. പാർട്ടിയിലെ ശക്തമായ ഏഷ്യൻ മുഖമായി വളർന്ന പ്രീതി പട്ടേലിന് പക്ഷേ, ലിസ്സ് ട്രസ്സ് മന്ത്രിസഭയിലും ഋഷി സുനകിന്റെ മന്ത്രിസഭയിലും ഇടം ലഭിച്ചിരുന്നില്ല.