ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ എഎപി എംപി സ്വാതി മലിവാളിനെതിരെ ആക്രമണം നടന്നതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പേഴ്സണൽ സ്റ്റാഫായിരുന്ന ബിഭവ് കുമാറും മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയതായി വ്യക്തമാക്കി ഡൽഹി പൊലീസ്. ആക്രമണം നടത്തിയവരുമായി മുഖ്യമന്ത്രിക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നും ആം ആദ്മി പാർട്ടി നേതാക്കൾ ആക്രമണം മറച്ചുവെക്കാനുള്ള ശ്രമം നടത്തിയോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ ബിഭവ് കുമാർ ഏതെങ്കിലും തരത്തിൽ ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ എഎപി നേതാക്കളായ അതിഷിയും സഞ്ജയ് സിംഗും സംഭവത്തിൽ ഗൂഡാലോചന സംശയിച്ചതിനാലാണ് പൊലീസും ഇത്തരത്തിൽ ഗൂഡാലോചന സംശയിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബിഭവ് കുമാറിന് എഎപി നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ ചൂണ്ടിക്കാട്ടി സ്വാതി മലിവാൾ ആക്രമണത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് സംശയിച്ചിരുന്നു. ദൃക്‌സാക്ഷി വിവരണങ്ങളും കുറ്റപത്രത്തിലെ മൊഴികളും ആക്രമണത്തിൻ്റെ തീവ്രത കാണിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ബിഭവ് കുമാർ ഒന്നിലധികം തവണ സ്വാതി മല്ലിവാളിനെ മർദ്ദിച്ചതായും മുറിയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന കണ്ട ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ പൊലീസിൽ മൊഴി നൽകിയിരുന്നു.