ഓട്ടവ: ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ രംഗത്ത്. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നുവെന്നാണ് ഇപ്പോൾ കനേഡിൻ ഇന്റലിജൻസ് ഏജൻസിയുടെ ആരോപണം. അതേസമയം കനേഡിയൻ സർക്കാർ വെബ്സൈറ്റുകൾക്കു നേരെ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്നും സിഖ് വിഘടനവാദികളെ നിരീക്ഷിക്കുന്നുവെന്നും രാജ്യത്ത് കടന്നു കയറിയുള്ള ഇന്ത്യയുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ലെന്നും കാനഡ വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല.
നിജ്ജാർ കൊലപാതകത്തിനു പിന്നിൽ പോലും അമിത് ഷാക്ക് പങ്കുണ്ടെന്നും തെളിവുണ്ടെന്നുമായിരുന്നു കനേഡിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. നേരത്തെ നിജ്ജാർ വധത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് കാനഡ കൈമാറിയ തെളിവുകൾ ഇന്ത്യ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം കാനഡയിലെ വിഘടനവാദികളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് നിരീക്ഷിക്കുന്നതെന്ന് കാനഡ ആരോപിച്ചിരുന്നു.
Also Read : ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ 140 മരണം
അമേരിക്കയും രംഗത്ത്
നിലവിൽ ഇന്ത്യക്ക് പുറത്ത് സിഖുകാർ ഏറ്റവും കൂടുതലുള്ളത് കാനഡയിലാണ്. ഖലിസ്ഥാനു വേണ്ടി വാദിക്കുന്ന തീവ്ര വിഘടനവാദികളും ഇതിൽ ഉൾപ്പെടും. നിജ്ജാർ വധവുമായി ബന്ധപ്പെട്ടാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആദ്യമായി ഇന്ത്യക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചത്. 2023ൽ വൻകൂവറിൽ കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാർ കടുത്ത സിഖ് വിഘടനവാദിയായിരുന്നു. അതേസമയം ഇന്ത്യ സൈബർ ആക്രമണം നടത്തുന്നുവെന്ന ആരോപണം ഗൗരവതരമാണെന്ന് ചൂണ്ടിക്കാണിച്ച് അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്.
Also Read : ക്യൂബയ്ക്ക് എതിരായ ഉപരോധം; യുഎസ് അവസാനിപ്പിക്കണമെന്ന് യുഎൻ പ്രമേയം
ഇന്ത്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയെന്ന് നേരത്തെ തന്നെ കനേഡിയൻ ഉദ്യോഗസ്ഥർ സമ്മതിച്ച് രംഗത്തെത്തിയിരുന്നു. വാഷിങ്ടൺ പോസ്റ്റിനാണ് ഇവർ ഈ വിവരങ്ങൾ ചോർത്തി നൽകിയത്. നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് തന്നെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിൻ ട്രൂഡോയുടെ സെക്യൂരിറ്റി, ഇന്റലിജൻസ് ഉപദേശക നതാലെ ഡ്രോവിൻ കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്തു. ഇത്തരം വിവരങ്ങൾ ചോർത്തി നൽകാൻ പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവർ വെളിപ്പെടുത്തിയെന്നാണ് നിലവിലെ റിപ്പോർട്ട്.