ഡല്‍ഹി: അന്യഗ്രഹജീവികളുമായി മനുഷ്യര്‍ ഇതുവരെ സമ്പര്‍ക്കം പുലര്‍ത്താത്തതില്‍ സന്തുഷ്ടനാണെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പര്‍ക്കം മനുഷ്യന് അപകടമുണ്ടാക്കും. ഭൂമിയിലെ ജീവന്‍ ഒരു പൊതു പൂര്‍വികനില്‍ നിന്നാണ് പരിണമിച്ചതെന്നും അന്യഗ്രഹ ജീവികള്‍ വ്യത്യസ്തമായ ജനിതക, പ്രോട്ടീന്‍ ഘടനകള്‍ ഉള്ളവരായിരിക്കാമെന്നും ഇതിന് കാരണമായി എസ് സോമനാഥ് ചൂണ്ടിക്കാണിച്ചു. അന്യഗ്രഹജീവികളുമായുള്ള സമ്പര്‍ക്കം ചിലപ്പോള്‍ അപകടരമാവുമെന്നും ഒരു ജീവിതരീതി മറ്റൊന്നില്‍ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു. രണ്‍വീര്‍ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഈ അഭിപ്രായം പങ്കുവെച്ചത്.
‘അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നിരവധി പേര്‍ ശ്രമിക്കാറുണ്ട്. മനുഷ്യരെ പോലെയുള്ള ജീവികള്‍ അന്യഗ്രഹത്തില്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച സംശയമാണ് ഇതിന് പിന്നില്‍. അന്യഗ്രഹത്തില്‍ ജീവന്‍ തേടുന്നത് ശാസ്ത്രലോകത്തിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ്. കൂടാതെ മറ്റ് ഗ്രഹങ്ങളില്‍ ഭൂമിയ്ക്ക് സമാനമായ സാഹചര്യമുണ്ടോ? ഭൂതകാലത്ത് എപ്പോഴെങ്കിലും ജീവന്‍ നിലനിന്നിരുന്നോ? അതിന്റെ സാധ്യതകള്‍, എന്നിവയ്ക്കുള്ള ഉത്തരങ്ങളും ശാസ്ത്രലോകം തേടുന്നുണ്ട്. സ്ഥിരീകരണമില്ലെങ്കിലും പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടാകാമെന്നും അവര്‍ മനുഷ്യരേക്കാളും ആയിരം വര്‍ഷങ്ങളുടെ പുരോഗമനം ചിലപ്പോള്‍ കൈവരിച്ചിട്ടുണ്ടാകാമെന്നും’ എസ് സോമനാഥ് അഭിപ്രായപ്പെടുന്നു.