വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെയാണ് റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചത് . മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്നും തുടർച്ചയായി ശ്വാസത്തിൻറെ സിഗ്നൽ ലഭിച്ചത്. അതേസമയം സിഗ്നൽ കിട്ടിയ കെട്ടിടത്തിൽ നിന്ന് മൂന്ന് പേരെ കാണാതായിട്ടുണ്ട്. സിഗ്നൽ ലഭിച്ചത് അടുക്കളഭാഗത്ത് നിന്നാണെനാണ് ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്ത് കോൺക്രീറ്റും മണ്ണും തടിയും നീക്കി പരിശോധന തുടരുകയാണ്.
അതേസമയം മൂന്ന് മീറ്റർ താഴ്ചയിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇത് മനുഷ്യൻറേതെന്ന് തന്നെയാണെന്ന് ഇപ്പോൾ ഉറപ്പിക്കാനാകില്ല. ഉദ്യോഗസ്ഥർ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുകയാണ്. കടയും വീടും ചേർന്ന കെട്ടിടം നിന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥർ വിശദമാക്കിയത്.
വയനാട്മുണ്ടക്കൈ ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് നിലവിലെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്, എന്നാൽ 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. അതേസമയം കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. നിലവിൽ ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.