തിരുവനന്തപുരം; മാലിന്യത്തിൽ മുങ്ങി കാണാതായ ജീവനുവേണ്ടിയുള്ള തിരച്ചിൽ ഒരു പകലും രാവും പിന്നിട്ടു. നഗരമധ്യത്തിൽ, തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഇന്നലെ രാവിലെ 11ന് ആണ് കരാർതൊഴിലാളി മാരായമുട്ടം സ്വദേശി എൻ.ജോയിയെ (47) പെട്ടെന്നുള്ള ഒഴുക്കിൽ കാണാതായത്.
റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവച്ചു. എൻഡിആർഎഫിന്റെ നിർദേശപ്രകാരമാണ് 13 മണിക്കറിലെറെ നീണ്ട രക്ഷാപ്രവർത്തനം രാത്രി അവസാനിപ്പിച്ചത്.
രാവിലെ ഏഴോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ കളക്ടറും മേയറും എൻഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരിഗണിച്ച് തിരച്ചിൽ രാവിലെത്തേക്ക് മാറ്റിയത്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കും എന്നുള്ളത് കൊണ്ടാണിത്. പുലർച്ചെ മൂന്ന് മണിയോടെ ട്രെയിൻ സർവീസുകൾ നിരവധിയെണ്ണം എത്തുന്നതിനാൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടക്കം ഒരു പ്രവർത്തനവും പാടില്ലെന്നാണ് റെയിൽവേ അറിയിച്ചത്.
എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകൾ എന്നിവർ ചേർന്നാണ് രാവിലെ ജോയിക്കായി തിരച്ചിൽ നടത്തുക. മൂന്നാം പ്ലാറ്റ്ഫോമിലെ മാൻഹോൾ വഴി തിരച്ചിൽ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഒന്നാം പ്ലാറ്റ്ഫോമം വഴി ടണലിലേക്ക് ഇറങ്ങി തിരച്ചിൽ നടത്തുമെന്ന് കളക്ടർ പറഞ്ഞു.
അർധരാത്രി 12ന് ശേഷമാണ് എൻഡിആർഎഫ് ടീം എത്തിയത്. മറ്റൊരു റോബോട്ടിനെ കൂടെ ജെൻ റോബോട്ടിക്സ് ടീം എത്തിക്കുകയും ചെയ്തു. ക്യാമറ ഘടിപ്പിച്ച് അഴുക്കുചാലിലെ ദൃശ്യങ്ങൾ അടക്കം ലഭ്യമാക്കുന്ന ഡ്രാക്കോ റോബോട്ടിനെയാണ് എത്തിച്ചിട്ടുള്ളത്. റിഫൈനറി ടാങ്കുകൾ വൃത്തിയാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ളതാണ് ഡ്രാക്കോ. തമ്പാനൂരിലെ രക്ഷാപ്രവർത്തനത്തിനായി ഇതിന് പ്രത്യേകം മാറ്റം വരുത്തിയാണ് ഇപ്പോൾ പരീക്ഷിച്ച് നോക്കുന്നത്.