വാഷിങ്ടണ്‍: ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് സംഭാവന നല്‍കിയ ആപ്പിളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ രംഗത്ത്. ഇസ്രായേല്‍ സൈന്യത്തെ പിന്തുണക്കുന്ന സംഘടനകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനെതിരെ തുറന്ന കത്ത് നല്‍കിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. സംഭാവന നല്‍കുന്നത് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.
‘ആപ്പിള്‍ ഫോര്‍ സീസ്ഫയര്‍ എന്ന ക്യാംപയിനിന്റെ ഭാഗമായുള്ള ഞങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്. അനധികൃതമായി ഇസ്രായേല്‍ അനുകൂല ഓര്‍ഗനൈസേഷനുകള്‍ക്ക് സംഭാവന നല്‍കുന്നതിനോട് ഞങ്ങള്‍ എതിരാണ്. നിയമവിരുദ്ധമായ സെറ്റില്‍മെന്റുകള്‍ക്ക് ധനസഹായം നല്‍കുന്ന രണ്ട് സംഘടനകളെ സംഭാവന പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇസ്രായല്‍ സൈന്യത്തെ പിന്തുണക്കുന്ന എല്ലാ ഓര്‍ഗനൈസേഷനുകളെ കുറിച്ചും അന്വേഷണം നടത്തുകയും സംഭാവനകള്‍ നല്‍കുന്നത് അവസാനിപ്പിക്കുകയും വേണം,’ കത്തില്‍ പറയുന്നു.
ഫ്രണ്ട്‌സ് ഓഫ് ദി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ്, ഹയോവെല്‍ ഇന്‍ക്, വണ്‍ ഇസ്രായേല്‍ ഫണ്ട്, ജൂത ദേശീയ ഫണ്ട്, ഇസ്രായേല്‍ ഗിവ്‌സ് തുടങ്ങിയ സംഘടനകളെ കുറിച്ചാണ് കത്തില്‍ സൂചിപ്പിക്കുന്നത്. 133 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയില്‍ അനധികൃത ഇസ്രായേല്‍ കുടിയേറ്റ ഗ്രൂപ്പുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.