വിവാദ ആലിംഗനം, ദിവ്യ എസ് അയ്യർ പ്രോട്ടോകോൾ ലംഘിച്ചു, ഐ.എ.എസുകാർക്കിടയിൽ കടുത്ത അതൃപ്തി

വിവാദ ആലിംഗനം, ദിവ്യ എസ് അയ്യർ പ്രോട്ടോകോൾ ലംഘിച്ചു, ഐ.എ.എസുകാർക്കിടയിൽ കടുത്ത അതൃപ്തി
വിവാദ ആലിംഗനം, ദിവ്യ എസ് അയ്യർ പ്രോട്ടോകോൾ ലംഘിച്ചു, ഐ.എ.എസുകാർക്കിടയിൽ കടുത്ത അതൃപ്തി

.എ.എസ് ഓഫീസർ ദിവ്യ എസ് അയ്യർക്ക് എതിരെ ഐ.എ.എസ് ഓഫീസർമാർക്കിടയിലും പ്രതിഷേധം ശക്തമാവുന്നു. മന്ത്രിയായിരിക്കെ കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്യുകയും ആ ഫോട്ടോ എടുത്ത് പിന്നീട് സോഷ്യൽ മീഡിയ കളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം പ്രവർത്തികൾ ഇഷ്ടപ്പെടുന്ന എല്ലാവരോടും കാണിക്കാൻ ഐ.എ.എസ് ഓഫീസർമാർക്ക് കഴിയില്ലെന്നും ആ പരിമിതി അറിയാമായിരുന്നിട്ടും അത് പാലിക്കാതെ ദിവ്യ പ്രവർത്തിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാന്നെന്നുമുള്ള അഭിപ്രായമാണ് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്നിരിക്കുന്നത്. അതു കൊണ്ട് തന്നെ നടപടി വേണമെന്നതാണ് ആവശ്യം. ഇക്കാര്യം മുതിർന്ന ഐ.എ.എസ് ഓഫീസർമാർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.

ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കാലയളവിൽ തന്നെ പറയുന്നത് മന്ത്രിമാരുൾപ്പെടെ ഏത് ആളായാലും ഷെയ്ക്ക് ഹാൻഡ് മാത്രം നൽകുക അല്ലാതെ മറ്റു ഒരു തരത്തിലും ശരീരത്തിൽ സ്പർശിക്കാൻ പാടില്ല എന്നതാണ്. ഷെയ്ക്ക് ഹാൻഡ് നൽകുന്നത് പോലും അപ്പുറത്തുള്ളയാൾ കൈനീട്ടിയാൽ മാത്രമാണെന്നതും ഐ.എ.എസ് പരിശീലന കാലയളവിൽ പഠിപ്പിക്കുന്നതാണ്. ഈ പാഠം മറന്നാണ് ദിവ്യ എസ് അയ്യർ പ്രവർത്തിച്ചിരിക്കുന്നത്.

ചത്തിസ്ഗഡ് കേഡറിലെ കളക്ടറായിരുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കൂളിംഗ് ഗ്ലാസ് വച്ച് വന്നപ്പോൾ നടപടി നേരിട്ടതും ഐ.എ.എസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പത്തനംതിട്ട കളക്ടറായിരിക്കുമ്പോൾ തന്നെ പദവിക്ക് യോജിക്കാത്ത തരത്തിലുള്ള പ്രവർത്തികൾ ദിവ്യ എസ് അയ്യരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന അഭിപ്രായവും ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്. ഈ അതൃപ്തിയാണ് മന്ത്രിയെ ആലിംഗനം ചെയ്ത ഫോട്ടോ പുറത്ത് വന്നതോടെ പൊട്ടിത്തെറിയിൽ എത്തി നിൽക്കുന്നത്. സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാകില്ലന്ന ദിവ്യയുടെ പ്രതികരണവും ഐ.എ.എസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിട്ടുണ്ട്.

ദിവ്യ എസ് അയ്യരുടെ ഈ അപക്വമായ പെരുമാറ്റത്തിൽ മന്ത്രിമാർക്കിടയിലും എം.എൽ.എമാർക്കിടയിലും ശക്തമായ എതിർപ്പുയർന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും വിഷയം വലിയ രൂപത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്.

മന്ത്രി സ്ഥാനം രാജിവച്ച ശേഷം നടന്ന ആലിംഗനം എന്ന രൂപത്തിലാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും പിന്നീട് ദിവ്യ എസ് അയ്യരുടെ ഭർത്താവും കോൺഗ്രസ്സ് നേതാവുമായ ശബരീനാഥ് തന്നെ മന്ത്രി ആയിരിക്കെ എടുത്ത ഫോട്ടോ ആണ് ഇതെന്നത് സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.

അതേസമയം അയ്യരായ ഐ.എ.എസുകാരി ദളിതനായ മന്ത്രി രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് വലിയ സംഭവമായാണ് ഒരു വിഭാഗം ചിത്രീകരിക്കുന്നത്. ഇത് മന്ത്രി പദവി ഒഴിഞ്ഞ രാധാകൃഷ്ണനുള്ള അംഗീകാരമായി വരെ കമൻ്റിട്ടവരും നിരവധിയാണ്. ഐ.എ.എസുകാർ പിന്തുടരേണ്ട പ്രോട്ടോകോൾ എന്താണെന്ന് അറിയാത്തവരാണ് പ്രധാനമായും ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നത്. ദിവ്യ എസ് അയ്യർ ഇത്തരം ചെപ്പടി വിദ്യകൾ കാണിക്കുന്നത് ഉന്നത പദവി ലക്ഷ്യമിട്ടായിരുന്നുവെന്ന സംശയവും ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ട്.

ദളിത് വിഭാഗത്തോടുള്ള സ്നേഹം പ്രകടിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കിൽ, ആ വിഭാഗത്തിൽ നിന്നും വന്ന മന്ത്രിയെ അല്ല , സാധാരണക്കാരയാണ് ചേർത്ത് പിടിക്കേണ്ടിയിരുന്നതെന്ന വിമർശനവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയ വിവാദത്തിൽപ്പെട്ട ദിവ്യ എസ് അയ്യരെ അടിസ്ഥാന വർഗ്ഗത്തിൻ്റെ ആളായി ചിത്രീകരിക്കുന്നതിൻ്റെ യുക്തിയും ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്.

ദിവ്യ തിരുവനന്തപുരത്ത് സബ് കലക്ടറായിരിക്കെയാണ് വിവാദ ഭൂമി ഇടപാട് നടന്നിരുന്നത്. വ‍ർക്കലയിൽ അവർ സ്വകാര്യവ്യക്തിക്കു പതിച്ചു നൽകിയതു സർക്കാർ ഭൂമിയാണെന്നത് ജില്ലാ സർവേ സൂപ്രണ്ടാണ് കണ്ടെത്തിയിരുന്നത്. ഒരു കോടിരൂപ വിലമതിക്കുന്ന സർക്കാർ ഭൂമിയാണിത്. ഭർത്താവ് ശബരിനാഥിൻ്റെ കുടുംബ സുഹൃത്തിനു വേണ്ടിയാണ് ഈ ഭൂമി പതിച്ചു നൽകിയതെന്ന ആരോപണമാണ് ഉയർന്നിരുന്നത്.

Top