വിവാദ ഐഎഎസ് ഉദ്യോഗസ്ഥയുടെ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിന് 21 തവണ നോട്ടിസ്, 26,000 രൂപ പിഴ

വിവാദ ഐഎഎസ് ഉദ്യോഗസ്ഥയുടെ   ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിന് 21 തവണ നോട്ടിസ്, 26,000 രൂപ പിഴ
വിവാദ ഐഎഎസ് ഉദ്യോഗസ്ഥയുടെ   ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിന് 21 തവണ നോട്ടിസ്, 26,000 രൂപ പിഴ

മുംബൈ: സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുള്‍പ്പെടെയുള്ള അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത. പൂജയ്‌ക്കെതിരെ കേന്ദ്രം നിയോഗിച്ച ഏകാംഗ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടാനും വ്യാജരേഖ ചമച്ചതിന് കേസെടുക്കാനും സാധ്യതയുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാള്‍ എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും, കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതും കമ്മിറ്റി അന്വേഷിക്കും. ശരിയായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണോ നല്‍കിയതെന്നാണ് പരിശോധിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേന്ദ്രത്തെക്കുറിച്ചും അന്വേഷണം ഉണ്ടാകും. പിന്നാക്ക വിഭാഗത്തിലുള്ള ആളാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്.

തനിക്ക് കാഴ്ചപരിമിതിയുണ്ടെന്ന് തെളിയിക്കുന്നതിന് ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പൂജയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച ആരോഗ്യപരിശോധനകളും പൂര്‍ത്തിയാക്കിയിട്ടില്ല. കേന്ദ്ര പഴ്സനല്‍ മന്ത്രാലയം അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാരിനു കൈമാറും. ഇത് സംബന്ധിച്ചുള്ള മഹാരാഷ്ട്ര സർക്കാരിന്റെ റിപ്പോർട്ട് നിർണായകമാകും. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ കൂടി പരിഗണിച്ച്, രാഷ്ട്രപതിയാണ് പിരിച്ചുവിടൽ സംബന്ധമായ അന്തിമ തീരുമാനം എടുക്കുക. മഹാരാഷ്ട്ര കേഡറിലുള്ള ഉദ്യോഗസ്ഥയായ പൂജ ഉപയോഗിച്ചിരുന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ആഡംബരക്കാര്‍ സ്വകാര്യ എന്‍ജിനീയറിങ് കമ്പനിയുടേതാണെന്നു കണ്ടെത്തിയതിനു പിന്നാലെ കാറുടമയ്ക്ക് പുണെ ആര്‍ടിഒ നോട്ടിസ് അയച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈ വാഹനത്തിന് 21 തവണയായി 26,000 രൂപയുടെ ചലാന്‍ ലഭിച്ചെങ്കിലും പിഴ അടച്ചിട്ടില്ല. കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന സ്റ്റിക്കറും ഒട്ടിച്ചിരുന്നു കാര്‍ ഉടന്‍ ഹാജരാക്കാനാണ് ആര്‍ടിഒ നോട്ടിസ് നല്‍കിയത് പൂജയ്ക്കു 22 കോടിയുടെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top