വിവാദമായി സത്യപ്രതിജ്ഞ; സത്യവാചകത്തോടൊപ്പം ജയ് ശ്രീറാം മുതല്‍ ജയ് പലസ്തീന്‍ വരെ

വിവാദമായി സത്യപ്രതിജ്ഞ; സത്യവാചകത്തോടൊപ്പം ജയ് ശ്രീറാം മുതല്‍ ജയ് പലസ്തീന്‍ വരെ
വിവാദമായി സത്യപ്രതിജ്ഞ; സത്യവാചകത്തോടൊപ്പം ജയ് ശ്രീറാം മുതല്‍ ജയ് പലസ്തീന്‍ വരെ

ന്യൂഡല്‍ഹി: ചരിത്രത്തിലിന്നുവരെ എം.പി.മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്രയധികം വിവാദമായിട്ടുണ്ടാവില്ല. സത്യപ്രതിജ്ഞ ചൊല്ലല്‍ എന്ന കര്‍മ്മത്തിനായി എത്തിയ ഓരോ എം പി മാരും. വ്യത്യസ്തങ്ങളായ മുദ്രാവാക്യങ്ങളാണ് ഇത്തവണ ഉയര്‍ത്തിയത്. അവ വെറും മുദ്രവാക്യങ്ങള്‍ അല്ല, അതില്‍ ജയ് ഹിന്ദ്, ജയ് ഭരണഘടന, ജയ് ശ്രീറാം മുതല്‍ ജയ് പലസ്തീന്‍ വരെ മുഴങ്ങുകയുണ്ടായി. ഇതെല്ലം തന്നെ ലോക്‌സഭയ്ക്കകത്തും പുറത്തും വലിയ തരത്തിലുള്ള വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയും, നിയമങ്ങളും അനുസരിച്ച്, സത്യപ്രതിജ്ഞയ്ക്കിടെ മറ്റെന്തെങ്കിലും മുദ്രാവാക്യം ഉയര്‍ത്തുന്നത് എം.പി.മാരെ അയോഗ്യരാക്കുന്ന തരത്തിലേക്ക് ദോഷകരമായി ബാധിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്.

പാര്‍ലമെന്റംഗങ്ങള്‍ സഭയില്‍ ചുമതലയേല്‍ക്കുംമുന്‍പ് മൂന്നാം പട്ടികയില്‍ പറയുന്ന സത്യപ്രതിജ്ഞ ചൊല്ലിയിരിക്കണമെന്ന് ഭരണഘടനയുടെ 99-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. മന്ത്രിമാര്‍, എം.പി.മാര്‍ തുടങ്ങിയവരുടെ സത്യവാചകങ്ങള്‍ എന്തായിരിക്കണമെന്ന് പറയുന്നതാകട്ടെ ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ്. ഈ സത്യവാചകം എം.പി.മാര്‍ ചൊല്ലിയിരിക്കണം എന്നുമാത്രമേ നിര്‍ബന്ധമുള്ളുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നാം പട്ടികയില്‍ പറയുന്ന സത്യവാചകം ശരിയായി ചൊല്ലിയിരിക്കണം എന്നുമാത്രമേയുള്ളുവെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും സുപ്രീംകോടതി അഭിഭാഷകന്‍ എം.ആര്‍. അഭിലാഷും ചൂണ്ടിക്കാട്ടി. അതായത് സത്യവാചകത്തിന് മുന്‍പോ ശേഷമോ മുദ്രാവാക്യം വിളിച്ചതുകൊണ്ട് എം.പി.മാര്‍ക്ക് അയോഗ്യതാ ഭീഷണി നേരിടേണ്ടിവരില്ല. സത്യവാചകം ശരിയായി ചൊല്ലിയാല്‍ അതിന് മുന്‍പും ശേഷവും പറയുന്നതും നടക്കുന്നതുമായ കാര്യങ്ങള്‍ ശരിയോ എന്നത് സഭാ ചട്ടപ്രകാരം സ്പീക്കറാണ് തീരുമാനിക്കുക. ഹിന്ദു രാഷ്ട്ര മുദ്രാവാക്യം ഉയര്‍ത്തിയതിനെതിരേ ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ അത് സഭാരേഖയില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് അധ്യക്ഷന്‍ അറിയിച്ചത്. സത്യവാചകമല്ലാതെ മറ്റൊന്നും സഭാരേഖയിലുണ്ടാവില്ലെന്ന് പലതവണ മുദ്രാവാക്യമുയര്‍ന്നപ്പോഴും സ്പീക്കര്‍ വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളില്‍ പലരും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള അംഗങ്ങളാണ് ഇത്തവണ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുദ്രാവാക്യം വിളിക്കുന്ന രീതിക്ക് ആരംഭം കുറിച്ചത്. അവരില്‍ പലരും പെരിയാര്‍, കരുണാനിധി, സ്റ്റാലിന്‍ തുടങ്ങിയവര്‍ക്ക് സിന്ദാബാദ് വിളിച്ചു. എന്നാല്‍ ഇത്തരം മുദ്രാവാക്യങ്ങളില്‍ ഏറ്റവും വിവാദമായത് ഹിന്ദു രാഷ്ട്രവാദവും, ജയ് പാലസ്തീനും ഉയര്‍ത്തിയതാണ്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള ബി.ജെ.പി. അംഗം ഛത്രപാല്‍ സിങ് ഗംഗ്യാറാണ് സത്യപ്രതിജ്ഞ ചൊല്ലിയ ഉടന്‍ ജയ് ഹിന്ദുരാഷ്ട്രം എന്ന് പറഞ്ഞത്. മജ്ലിസ് പാര്‍ട്ടിയുടെ അസദുദ്ദീന്‍ ഒവൈസിയാവട്ടെ ജയ് പലസ്തീന്‍ എന്നതുള്‍പ്പെടെ വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. വിവിധ പാര്‍ട്ടി അംഗങ്ങള്‍ അവരവരുടെ നേതാക്കള്‍ക്കും ജയ് വിളിച്ചു. ചില ബി.ജെ.പി. അംഗങ്ങള്‍ ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ ഹെഡ്ഗേവാറിന് വരെ ജയ് വിളിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ശശി തരൂരുമെല്ലാം സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണഘടനയ്ക്ക് ജയ് വിളിച്ചു.

ലോക്‌സഭയില്‍ സത്യപ്രതിജ്ഞയ്ക്കിടെ മുദ്രാവാക്യമുയര്‍ത്തിയ എം.പി.മാര്‍ക്ക് പ്രത്യേകിച്ച് നടപടിയൊന്നും ഭയക്കേണ്ട കാര്യമില്ല. എന്നാലും അസദുദ്ദീന്‍ ഒവൈസിയുടെ കാര്യം അല്‍പ്പം വ്യത്യസ്തമാണ്. മറ്റൊന്നുംകൊണ്ടല്ല, സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പലസ്തീന് ജയ് വിളിച്ചതുകൊണ്ടാണ്. ഏതെല്ലാം കാരണത്താല്‍ പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കാമെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ 102 വകുപ്പ് പ്രകാരം ഒവൈസിയുടെ നടപടി കോടതിയില്‍ ചോദ്യം ചോദ്യംചെയ്യപ്പെട്ടേക്കാവുന്നതാണ്. ഏതെങ്കിലും വിദേശരാജ്യത്തോട് ഏതെങ്കിലും തരത്തിലുള്ള വിധേയത്വമോ പ്രതിപത്തിയോ കാണിച്ചാല്‍ അംഗത്തെ അയോഗ്യരാക്കാമെന്നാണ് പ്രസ്തുത വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. പലസ്തീന് ജയ് വിളിച്ചു എന്നതുകൊണ്ട് അവരോട് വിധേയത്വമോ പ്രതിപത്തിയോ ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പി.ഡി.ടി. ആചാരി പറഞ്ഞു. അതേസമയം, ഏതെങ്കിലും തരത്തിലുള്ള വിധേയത്വമോ പ്രതിപത്തിയോ എന്ന് പറയുന്നതിനാല്‍ മറ്റൊരു രാജ്യത്തിന് ജയ് വിളിച്ചത് കോടതിയില്‍ ചോദ്യംചെയ്യപ്പെടാമെന്ന് അഡ്വ. എം.ആര്‍. അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

2001 ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ജയിച്ച ജെ.എസ്.എസ് എം.എല്‍.എ. ഉമേഷ് ചള്ളിയില്‍ ദൈവനാമത്തിന് പകരം ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പ്രതിജ്ഞയെടുത്തത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതിയും സുപ്രീംകോടതിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സത്യപ്രതിജ്ഞ വീണ്ടും ചൊല്ലേണ്ടിവന്നു. അതുമാത്രമല്ല, സഭയിലിരുന്ന 86 ദിവസത്തിനും 500 രൂപ വീതം കണക്കാക്കി പിഴയും അടയ്ക്കേണ്ടിവന്നു. ദേവികുളത്തെ ഇപ്പോഴത്തെ എം.എല്‍.എ. എ. രാജയ്ക്കും സത്യവാചകം തെറ്റിപ്പോയി. തമിഴിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. മലയാളത്തിലുള്ള സത്യവാചകത്തിന്റെ തമിഴ് പരിഭാഷയില്‍ വന്ന പിഴവായിരുന്നു അന്ന് വിനയായി തീര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം സത്യപ്രതിജ്ഞ വീണ്ടും ചൊല്ലുകയും പിഴയടയ്ക്കുകയും ചെയ്തിരുന്നു.

Top