വാഷിങ്ടൺ: അമേരിക്കയിൽ ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടാഴ്ച്ച പിന്നിട്ട് കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഇതിനകം തന്നെ തകർന്ന സംസ്ഥാനത്ത് മറ്റൊരു കൊടുങ്കാറ്റ് അടുത്ത ആഴ്ച ഫ്ലോറിഡയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ദുരന്ത ഫണ്ട് വെട്ടിക്കാനും കോർപറേറ്റുകളെ സഹായിക്കാനും ഉദ്യോഗസ്ഥർ ‘കാലാവസ്ഥയെ ബോധപൂർവം നിയന്ത്രിക്കുന്നുവെന്ന’ അവകാശവാദമാണ് നവ മാധ്യമങ്ങളിൽ ഉയരുന്നത്.
പ്രാദേശിക ലിഥിയം നിക്ഷേപം ഖനനം ചെയ്യാൻ കോർപ്പറേഷനുകളെ അനുവദിക്കുന്നതിനായി ഒരു ‘നിർമിത കൊടുങ്കാറ്റാ’യിരുന്നു ഹെലൻ എന്നതാണ് ആരോപണങ്ങളിൽ ഒന്ന്. നിയമവിരുദ്ധമായി രാജ്യത്തെ കുടിയേറ്റക്കാരെ സഹായിക്കാൻ പ്രസിഡന്‍റ് ജോ ബൈഡന്റെ ഭരണകൂടം ഫെഡറൽ ഡിസാസ്റ്റർ ഫണ്ട് ഉപയോഗിച്ചതാണ് മറ്റൊരു ആരോപണം. ശുചീകരണത്തിനിടെ ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ ബോധപൂർവം ഉപേക്ഷിക്കുന്നുവെന്നാണ് വേറൊന്ന്.
Also Read: ന്യൂസിലൻഡ് നേവിയുടെ കപ്പൽ സമോവ കടലിൽ മുങ്ങി; യാത്രക്കാർ സുരക്ഷിതർ
ഹെലൻ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമുള്ള ചെലവ് ഏകദേശം 200 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ബുധനാഴ്ച വിമാനമാർഗം കരോലിനാസിലെ നാശനഷ്ടങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ബൈഡൻ വീക്ഷിച്ചു. വ്യാഴാഴ്ച ഫ്ലോറിഡയിലും ജോർജിയയിലും ആകാശനിരീക്ഷണം നടത്തി. പുനഃർനിർമാണ പ്രവർത്തനങ്ങൾക്ക് ‘കോടിക്കണക്കിന് ഡോളർ’ ചെലവാകുമെന്നും അധിക ദുരന്ത നിവാരണ ഫണ്ടിങ്ങിന് കാത്തിരിക്കാനാവില്ലെന്നും ആളുകൾക്ക് ഇപ്പോൾ സഹായം ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു.
Also Read: ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച് ഫ്രാൻസ്
മുഴുവൻ പട്ടണങ്ങളും ഒലിച്ചുപോയ തെക്കൻ അപ്പലാച്ചിയൻ പർവതനിരകളിലെ നോർത്ത് കരോലിന സന്ദർശിക്കാൻ മറ്റു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലൂടെയുള്ള പ്രചാരണം കമലാ ഹാരിസ് വെട്ടിക്കുറച്ചിരുന്നു. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ‘ഹെലൻ’ ഒരു നിർണായക ആയുധമായി മാറുകയാണെന്ന സൂചനയാണിത്.