‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കും’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കും’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്
‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശരിയത്ത് നിയമം നടപ്പിലാക്കും’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസിനുമെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനര്‍വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ ഉണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനവേണോ, ശരിയത്ത് വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം എന്നും യോഗി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ ആണ് വിവാദ പ്രസംഗം.

കോണ്‍ഗ്രസും അവരുടെ കൂടെ സഖ്യത്തിലുള്ള മറ്റ് പാര്‍ട്ടികളും രാജ്യത്തെ വഞ്ചിക്കുകയാണ്. വീണ്ടും അവര്‍ ഒരു തെറ്റായ പ്രകടനപത്രികയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ ഞങ്ങള്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നോക്കിയാല്‍ കാണാം. യോഗിയുടെ വാക്കുകള്‍ ഇങ്ങനെ. ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ മുത്തലാഖ് നിരോധനം ഉള്‍പ്പെടെ റദ്ദാക്കുമെന്നാണെന്നും പ്രസംഗത്തില്‍ യോഗി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ രാജ്യത്തെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് പ്രകടനപത്രികയിലുണ്ടെന്ന മോദിയുടെ വാക്കുകളെ പിന്തുണച്ച് കൊണ്ടായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസംഗം. മുസ്ലീങ്ങള്‍ക്ക് പ്രഥമ പരിഗണനയും അവകാശങ്ങളും കൊടുത്താല്‍ രാജ്യത്തെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും അമ്മമമാരും സഹോദരിമാരും എങ്ങോട്ട് പോകുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Top