CMDRF

ശ്രീരാമനെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രിയുടെ പരാമർശം വിവാദത്തിൽ

ശ്രീരാമനെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രിയുടെ പരാമർശം വിവാദത്തിൽ
ശ്രീരാമനെക്കുറിച്ചുള്ള തമിഴ്നാട് മന്ത്രിയുടെ പരാമർശം വിവാദത്തിൽ

ചെന്നൈ: ശ്രീരാമനെക്കുറിച്ചുള്ള തമിഴ്നാട് ഗതാഗത മന്ത്രി എസ്. എസ് ശിവശങ്കറിന്റെ പരാമർശം വിവാദത്തിൽ. ശ്രീരാമൻ്റെ അസ്തിത്വത്തെ സാധൂകരിക്കുന്ന പുരാവസ്തുപരമോ ചരിത്രപരമോ ആയ തെളിവുകളൊന്നുമില്ലെന്നനായിരുന്നു മന്ത്രിയുടെ പരാമർശം. രാജേന്ദ്ര ചോള രാജാവിൻ്റെ ജന്മശതാബ്ദി അനുസ്മരണത്തോടനുബന്ധിച്ച് ഗംഗൈകൊണ്ടചോളപുരത്തെ പ്രശസ്തമായ ശ്രീ ബൃഹദീശ്വര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദപരാമർശം.

“പ്രശസ്ത ചോള ചക്രവർത്തിയായിരുന്ന രാജേന്ദ്ര ചോളനെ ഞങ്ങൾ ആദരിക്കുന്നു. അദ്ദേഹം നിർമിച്ച ക്ഷേത്രങ്ങളും കുളങ്ങളും അദ്ദേഹം ജീവിച്ചിരുന്നു എന്നതിന് തെളിവായുണ്ട്. അദ്ദേഹത്തിൻറെ പേര് ലിപികളിൽ പരാമർശിക്കപ്പെടുന്നു, അദ്ദേഹത്തിൻ്റെ ശില്പങ്ങൾ ഉണ്ട്. എന്നാൽ രാമൻ ഉണ്ടായിരുന്നു എന്നതിന് തെളിവോ ചരിത്രത്തിൽ പരാമർശമോ ഇല്ല. അവർ അദ്ദേഹത്തെ അവതാരം എന്ന് വിളിക്കുന്നു. ഒരു അവതാരം ഒരിക്കലും ജനിക്കില്ല. നമ്മുടെ ചരിത്രം മറയ്ക്കാനും മറ്റൊരു ചരിത്രം വലുതായി കാണിക്കാനുമാണ് ഇത് ചെയ്യുന്നത്. രാമനെ അവതാരമായി വിശേഷിപ്പിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിൻ്റെ അസ്തിത്വത്തെയും ദൈവിക പദവിയെയും കുറിച്ച് വൈരുദ്ധ്യങ്ങൾ ഉയർത്തുന്നു” ശിവശങ്കർ ആരോപിച്ചു.

രാജേന്ദ്ര ചോളൻ്റെ (ചോള രാജവംശത്തിലെ രാജേന്ദ്ര ഒന്നാമൻ) പാരമ്പര്യം ആഘോഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അല്ലാത്തപക്ഷം തങ്ങളുമായി ബന്ധമില്ലാത്ത എന്തെങ്കിലും ആഘോഷിക്കാൻ ആളുകൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് വ്യക്തിത്വത്തിനും പൈതൃകത്തിനും ഊന്നൽ നൽകാനുള്ള മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും ഇതിഹാസങ്ങളുമായി താരതമ്യം ചെയ്തതുകൊണ്ട് തമിഴർക്ക് കാര്യമായ പ്രസക്തിയോ പ്രയോജനമോ ഇല്ലെന്ന് അദ്ദേഹം വാദിച്ചു. ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

തമിഴ്നാട് ബി.ജെ.പി പ്രസിഡൻറ് കെ.അണ്ണാമലൈ ശിവശങ്കറുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. ” ഭഗവാൻ ശ്രീരാമനോടുള്ള ഡി.എം.കെയുടെ പെട്ടെന്നുള്ള അഭിനിവേശം ശരിക്കും കാണേണ്ട ഒരു കാഴ്ചയാണ് . ഡിഎംകെ നേതാക്കളുടെ ഓർമകൾ എത്ര പെട്ടെന്നാണ് മങ്ങുന്നത് എന്നത് ആകർഷകമല്ലേ?പുതിയ പാർലമെൻ്റ് കോംപ്ലക്‌സിൽ ചോള രാജവംശത്തിൻ്റെ ചെങ്കോൽ സ്ഥാപിച്ചതിന് നമ്മുടെ പ്രധാനമന്ത്രി മോദിയെ എതിർത്ത അതേ ആളുകൾ തന്നെയല്ലേ? തമിഴ്‌നാടിൻ്റെ ചരിത്രം 1967-ൽ ആരംഭിച്ചതായി കരുതുന്ന ഡിഎംകെ എന്ന പാർട്ടി, രാജ്യത്തിൻ്റെ സമ്പന്നമായ സംസ്‌കാരത്തോടും ചരിത്രത്തോടും പെട്ടെന്ന് സ്‌നേഹം കണ്ടെത്തി എന്നത് ഏറെക്കുറെ പരിഹാസകരമാണ്. ഒരുപക്ഷേ ഡിഎംകെ മന്ത്രിമാരായ തിരു രഘുപതിയും തിരു ശിവശങ്കറും രാമൻ്റെ കാര്യത്തിൽ ഇരുന്ന് തർക്കിച്ച് സമവായത്തിലെത്താനുള്ള സമയമാണിത്. ഭഗവാൻ ശ്രീരാമനെക്കുറിച്ച് ഒന്നോ രണ്ടോ കാര്യങ്ങൾ തിരു ശിവശങ്കറിന് തൻ്റെ സഹപ്രവർത്തകനിൽ നിന്ന് പഠിക്കാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” അണ്ണാമലൈ പറഞ്ഞു.

Top