CMDRF

ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഡൽഹിയിലെത്തിയ വിമാനത്തെച്ചൊല്ലി വിവാദം

ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഡൽഹിയിലെത്തിയ വിമാനത്തെച്ചൊല്ലി വിവാദം
ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ഡൽഹിയിലെത്തിയ വിമാനത്തെച്ചൊല്ലി വിവാദം

ന്യൂഡൽഹി: ടി-20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലി വിവാദം. ടീമിൻ്റെ യാത്രയ്ക്കായി ചാർട്ടർ ചെയ്ത വിമാനം ബർബഡോസിലേക്ക് എത്തിച്ചത് മറ്റൊരു സർവീസ് റദ്ദാക്കിയാണെന്ന പരാതിയിൽ എയർ ഇന്ത്യയോട് സിവിൽ ഏവിയേയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) വിശദീകരണം തേടി.

യു.എസ്സിലെ ന്യൂജേഴ്‌സി സംസ്ഥാനത്തെ നവാർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ബോയിങ് 777 യാത്രാവിമാനമാണ് ഇന്ത്യൻ ടീമിനുവേണ്ടി ബർബഡോസിലേക്ക് എത്തിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. നവാർക്ക്-ഡൽഹി വിമാനം ഇന്ത്യൻ ടീമിനായി ബർബഡോസിലേക്ക് കൊണ്ടുപോയതിനെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായി എന്ന വിവരം പുറത്തുവന്നതിനെ തുടർന്നാണ് ഡി.ജി.സി.എ. എയർ ഇന്ത്യയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

അതേസമയം ഇന്ത്യൻ ടീമിനായി വിമാനം നൽകിയതിനെ തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂലൈ രണ്ടിന് ടിക്കറ്റ് ബുക്ക് ചെയ്‌ത എല്ലാ യാത്രക്കാരേയും വിവരം നേരത്തേ അറിയിച്ചിരുന്നു. വിവരം അറിയിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയ ചില യാത്രക്കാരെ റോഡ് മാർഗം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. അവർക്ക് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് യാത്രയൊരുക്കിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യൻ ടീം ഡൽഹിയിൽ വിമാനമിറങ്ങിയത്. ബർബഡോസിലെ ഗ്രാൻ്റ്ലി ആദംസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു ടീമിൻ്റെ യാത്ര. ടി-20 ലോകകപ്പ് വിജയത്തെ സൂചിപ്പിക്കുന്ന എ.ഐ.സി.24.ഡബ്ല്യു.സി. (AIC24WC- എയർ ഇന്ത്യ ചാമ്പ്യൻസ് 24 വേൾഡ് കപ്പ്) എന്ന കോൾ സൈനോടെയാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്.

Top