വെളുത്തുള്ളി പച്ചക്കറി ആണോയെന്ന് തർക്കം; വർഷങ്ങൾ നീണ്ട കേസ് തീർപ്പാക്കി ഹൈകോടതി

വെളുത്തുള്ളി പച്ചക്കറി ആണോയെന്ന് തർക്കം; വർഷങ്ങൾ നീണ്ട കേസ് തീർപ്പാക്കി ഹൈകോടതി
വെളുത്തുള്ളി പച്ചക്കറി ആണോയെന്ന് തർക്കം; വർഷങ്ങൾ നീണ്ട കേസ് തീർപ്പാക്കി ഹൈകോടതി

ഇൻഡോർ: വെളുത്തുള്ളി പച്ചക്കറിയാണെന്ന് വിധിച്ചുകൊണ്ട് വർഷങ്ങൾ നീണ്ട തർക്കം തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്. എന്നാൽ സുഗന്ധവ്യഞ്ജന വിപണികളിലും വെളുത്തുള്ളി വിൽക്കാനുള്ള അനുമതിയും കോടതി നൽകി. വെളുത്തുള്ളി ഒരു പച്ചക്കറിയാണോ സുഗന്ധവ്യഞ്ജനമാണോ എന്നതായിരുന്നു തർക്കം. 2015-ലാണ് വെളുത്തുള്ളി പച്ചക്കറിയാണോ, സുഗന്ധവ്യഞ്ജനമാണോ എന്നകാര്യത്തിൽ മധ്യപ്രദേശിൽ അടി തുടങ്ങിയത്. വെളുത്തുള്ളിയെ പച്ചക്കറിയായി പ്രഖ്യാപിക്കണമെന്ന് ഒരു കർഷക സംഘടന മാണ്ഡി ബോർഡിനോട് ആവശ്യപ്പെട്ടു.

എന്നാൽ 1972-ലെ അഗ്രികൾച്ചറൽ പ്രൊഡക്സ് മാർക്കറ്റ് കമ്മിറ്റി ആക്ട് പ്രകാരം വെളുത്തുള്ളി സുഗന്ധവ്യഞ്ജനമാണെന്ന് കൃഷി വകുപ്പ് പ്രഖ്യാപിച്ചു. ഇതിനെതിരെ ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി കമ്മീഷൻ ഏജന്റ് അസോസിയേഷൻ 2016-ൽ ഇൻഡോർ ബെഞ്ചിനെ സമീപിച്ചു. 2017 ഫെബ്രുവരിയിൽ അസോസിയേഷന് അനുകൂലമായി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ തർക്കം മുറുകി. തീരുമാനം കർഷകരെക്കാൾ കമ്മീഷൻ ഏജന്റുമാർക്കാണ് പ്രയോജനം ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമർശനം. ഇത് വ്യാപാരികൾക്കിടയിൽ ചേരിതിരിവിന് കാരണമായി.

2017 ജൂലൈയിൽ മുകേഷ് സോമാനി എന്നയാൾ പുനഃപരിശോധന ഹർജി സമർപ്പിച്ചു.ഇതിലാണ് വെളുത്തുള്ളി പച്ചക്കറിയാണെന്ന് ജസ്റ്റിസ് എസ് എ ധർമ്മാധികാരി, ജസ്റ്റിസ് ഡി വെങ്കിട്ടരാമൻ എന്നിവരുടെ ഇൻഡോർ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ ഏജന്റുമാർക്ക് കമ്മീഷൻ നൽകാതെ നേരിട്ട് വിപണിയിൽ വിൽക്കാനാകുന്ന സമ്പ്രദായവും കോടതി പുനഃസ്ഥാപിച്ചു. വെളുത്തുള്ളി പച്ചക്കറിയായി നിലനിർത്തും എന്നതൊഴിച്ചാൽ അതിന്റെ വർഗ്ഗീകരണം സംബന്ധിച്ച് ഇപ്പോൾ കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Top