CMDRF

ഉപഭോക്താക്കളെ നിരീക്ഷിക്കുന്ന ‘കുക്കീസ്’ നിര്‍ത്തലാക്കില്ല: ഗൂഗിള്‍

ഉപഭോക്താക്കളെ നിരീക്ഷിക്കുന്ന ‘കുക്കീസ്’ നിര്‍ത്തലാക്കില്ല: ഗൂഗിള്‍
ഉപഭോക്താക്കളെ നിരീക്ഷിക്കുന്ന ‘കുക്കീസ്’ നിര്‍ത്തലാക്കില്ല: ഗൂഗിള്‍

പഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗൂഗിള്‍ പിന്‍വലിയുന്നു. തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോമില്‍ നിലനിര്‍ത്താനാണ് ഗൂഗിളിന്റെ പദ്ധതി. ഈ വര്‍ഷം ജനുവരിയില്‍ കുക്കീസ് നിര്‍ത്തലാക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിളിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനം പേരില്‍ ഈ മാറ്റം പരീക്ഷിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

പരസ്യ ദാതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ പിന്‍മാറ്റം എന്നാണ് വിവരം. ജനപ്രിയ ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കള്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. പരസ്യ വിതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതും ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ്.

ഗൂഗിളിന്റെ ഈ നീക്കം ഡിജിറ്റല്‍ പരസ്യ രംഗത്തെ മത്സരം തടസപ്പെടുത്തുമെന്ന ആശങ്കയില്‍ യുകെയുടെ കോമ്പറ്റീഷന്‍ ആന്റ് മാര്‍ക്കറ്റ്സ് അതോറിറ്റിയും സൂക്ഷ്മ പരിശോധ നടത്തിയിരുന്നു.

കുക്കീസ് ഒഴിവാക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്കായി ക്രോമില്‍ പുതിയൊരു അനുഭവം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ ശ്രമം. വെബ് ബ്രൗസിങിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരവും ലഭിക്കും.

നമ്മള്‍ ചില വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ശേഷം ആ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങള്‍ ഓള്‍ലൈനില്‍ കാണുന്നതിന് കാരണം തേഡ് പാര്‍ട്ടി കുക്കീസ് ആണ്. നിങ്ങള്‍ ഒരു സൈറ്റില്‍ എന്താണ് ചെയ്യുന്നത്, നിങ്ങള്‍ എവിടെയുള്ള ആളാണ്, നിങ്ങള്‍ ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത്, ഈ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‌ലൈനില്‍ മറ്റെങ്ങോട്ടാണ് നിങ്ങള്‍ പോവുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം കുക്കീസില്‍ ശേഖരിക്കപ്പെടും.

2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങള്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചു. ‘ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേര്‍ട്സ്’ എന്ന ‘ഫ്ളോക്ക്’ 2021 ല്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഫ്ളോക്ക് ഒഴിവാക്കി. ശേഷം താല്‍പര വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളെ വേര്‍തിരിക്കുന്ന ആഡ് ടോപ്പിക്സ് എന്ന രീതിയും അവതരിപ്പിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ കുക്കീസിന്റെ ഉപയോഗം ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ (ജിഡിപിആര്‍) കര്‍ശന നിയന്ത്രണത്തിലാണ്. കുക്കിസ് ശേഖരിക്കുന്നതിന് ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതം വേണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കുക്കീസ് നീക്കം ചെയ്യാനുള്ള ഓപ്ഷനും ചില ബ്രൗസറുകള്‍ നല്‍കുന്നുണ്ട്.

Top