ദമ്മാം: സൗദിയില്‍ താമസകെട്ടിടത്തില്‍ പാചകവാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യവും 20 പേര്‍ക്ക് പരിക്കുമേറ്റു . ദമ്മാമിലെ അല്‍ നഖീല്‍ ഡിസ്ട്രിക്ടിലാണ് മൂന്നുനില കെട്ടിടത്തിലുള്ള ഫ്ലാറ്റിലാണ് അപകടമുണ്ടായത്. അടുക്കളയില്‍ പാചകവാതകം ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിലയിരുത്തല്‍.പരിക്കേറ്റവരില്‍ വിദേശികളുണ്ടെന്നാണ് സൂചന.എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതികരണം ഇതുവരെ ലഭിച്ചട്ടില്ല.
മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ പ്രദേശമാകെ കിടുങ്ങി. പൊട്ടിത്തെറിയെ തുടര്‍ന്ന് അഗ്‌നി ആളിപ്പടര്‍ന്നു. മൂന്നുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ രക്ഷാവര്‍ത്തനം തുടരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിതെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.